മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിയ ശേഷം ഗൂഗിള്‍ പേ ഉണ്ടോയെന്നു ചോദിച്ച് ആള് മുങ്ങിയതായി പരാതി. മമ്പറം ടൗണിലെ ഇറച്ചി – മത്സ്യ മാര്‍ക്കറ്റിലെത്തിയ ആളാണ് പണം നല്‍കാതെ സാധനവുമായി കടന്നത്.
രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടന്‍ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാള്‍ വാങ്ങിയതെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ വ്യാപാരികള്‍ പറയുന്നു.
മാര്‍ക്കറ്റിലെത്തിയ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് കബളിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു ഇയാള്‍ വ്യാപാരികളെ പറ്റിച്ചത്.
ആദ്യം രണ്ട് കിലോ അയക്കൂറ തൂക്കിയപ്പോള്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചു ഇല്ലെന്നു വ്യാപാരി പറഞ്ഞപ്പോള്‍ കാറില്‍ പൈസയുണ്ടെന്നും എടുത്തു തരാമെന്നും ഇയാള്‍ പറഞ്ഞു.
മത്സ്യം കൂടാതെ കുറച്ച് ഐസ് കട്ടകളും ഇയാള്‍ മത്സ്യവ്യാപാരിയില്‍ നിന്ന് വാങ്ങിയിരുന്നു. സമീപത്തെ ഇറച്ചിക്കടയില്‍ നിന്നാണ് മട്ടനും ചിക്കനും വാങ്ങിയത്.
ഇവിടേയും ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു തട്ടിപ്പ്. സാധനം വാങ്ങി കാറില്‍ നിന്ന് പണവുമെടുത്ത് വരാമെന്ന് പറഞ്ഞയാള്‍ പിന്നീട് തിരിച്ചു വന്നില്ല.
വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് മാന്യമായ പെരുമാറ്റമായിരുന്നു ഇയാളുടേത്. ഇയാളെ എവിടെ കണ്ടാലും തിരിച്ചറിയാന്‍ സാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റിലെ സിസിടിവിയില്‍ ഇയാള്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങളുണ്ട്.