പയ്യന്നൂർ: ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ കാമുകൻ കാലുമാറിയതിന്റെ മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസിന്റെ സന്ദർഭോചിതമായ ഇടപെടലിൽ യുവതി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയായ 29 കാരിയാണ് ഇന്ന് പുലർച്ചെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽ പാളത്തിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവത്തെപ്പറ്റി യുവതി പോലീസിനോട് പറഞ്ഞത് ഇങ്ങനെ: ഒരു കുട്ടിയുടെ മാതാവായ യുവതി ഭർത്താവിൽ നിന്ന് പിരിഞ്ഞ് ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു.കുട്ടിയുടെ സംരക്ഷണം പിതാവ് ഏറ്റിരുന്നതിനാൽ മറ്റു ബാധ്യതകൾ ഒന്നുമില്ല. ഈ സാഹചര്യത്തിൽ മാട്രിമോണിയൽ പരസ്യം നൽകിയതിനെ തുടർന്നാണ് ചീമേനി കിണർമുക്കിലെ മുപ്പതുകാരൻ ബന്ധപ്പെട്ടത്. ഇതേ തുടർന്ന് ഇരുവരും പ്രണയത്തിലായി. ഈ മാസം മൂന്നിന് തുടങ്ങിയ ബന്ധമാണ് ഫേസ് ബുക്കിലൂടെ അതിവേഗത്തിൽ വളർന്നത്.
യുവതി കഴിഞ്ഞയാഴ്ച കാമുകന്റെ നിർദേശപ്രകാരം പയ്യന്നൂരിൽ വരികയും നാലു ദിവസം കാമുകീകാമുകന്മാർ ഒന്നിച്ചു കഴിയുകയും ചെയ്തു. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് താൻ അവിവാഹിതനാണെന്നാണ് യുവാവ് കാമുകിയെ വിശ്വസിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം പയ്യന്നൂരിൽ നിന്നും ട്രെയിനിൽ തിരുവനന്തപുരത്തേക്ക് കയറ്റിവിട്ട കാമുകിയോട് താൻ പിന്നാലെ വരുന്ന മാവേലി എക്സ്പ്രസിൽ തിരുവന്തപുരത്തെത്താമെന്നും യുവാവ് ഉറപ്പുനൽകി.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യുവതി കാത്തുനിന്നെങ്കിലും കാമുകൻ എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ വരാൻ പറ്റാത്ത സാഹചര്യമായിരുന്നുവെന്നുവെന്നായിരുന്നു മറുപടി. ഇനിയെന്ത് ചെയ്യുമെന്ന ചോദിച്ചപ്പോൾ തൊട്ടടുത്ത ട്രെയിനിൽ പയ്യന്നൂരിലേക്ക് തിരിച്ചുവരാനായിരുന്നു മറുപടി. കൈയിൽ പണമില്ലാത്തതിനാൽ കാമുകന്റെ നിർദേശപ്രകാരം കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ 5000 രൂപയ്ക്ക് വിറ്റ് അതുമായി യുവതി പയ്യന്നൂരിലേക്ക് വീണ്ടും ട്രെയിൻ കയറി.
യാത്രയ്ക്കിടയിൽ സഹയാത്രികരുടെ ഫോണിൽ നിന്ന് കാമുകന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. രാത്രിയിൽ പയ്യന്നുരിൽ ഇറങ്ങിയ യുവതി വീണ്ടും ശ്രമിച്ചപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. സ്റ്റേഷൻ പരിസരത്ത് കാമുകനെ തെരഞ്ഞെങ്കിലും കണ്ടെത്താനുമായില്ല. കാമുകൻ തന്നെ വഞ്ചിച്ച് കാലുമാറിയെന്ന് ബോധ്യമായതോടെയാണ് ജീവിതമവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചത്.