അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എപ്പോഴും താല്‍പര്യമുള്ള കാര്യമാണ്. അന്യഗ്രഹ ജീവികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ രണ്ടഭിപ്രായം നിലനില്‍ക്കുകയാണ്.
എന്നാല്‍ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന് അവകാശപ്പെട്ട് പലരും മുമ്പ് രംഗത്തെത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ തന്നെ 52 തവണ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി ബ്രിട്ടീഷുകാരിയായ പൗള സ്മിത്ത് എന്ന 50കാരി അടുത്തിടെ എത്തിയിരുന്നു.
സമാനമായ മറ്റൊരു അവകാശവാദമാണ് അരിസോണയിലെ സിറ്റ്ഗ്രീവ്സ് നാഷണല്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ട്രാവിസ് വാള്‍ട്ടണ്‍ എന്നയാളുടെയും അവകാശവാദം.
1975 നവംബറിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം വീട്ടിലേക്ക് മടങ്ങിയ ട്രാവിസ് വാള്‍ട്ടണെ ദൂരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു.
അഞ്ചു ദിവസത്തിന് ശേഷം അടുത്തുള്ള ഗ്യാസ് സ്റ്റേഷന് സമീപത്ത് വച്ച് അദ്ദേഹത്തെ വീണ്ടും കണ്ടെത്തി. കാണാതാകലിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞത് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു.
ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വണ്ടിയില്‍ പോകുമ്പോഴായിരുന്നു സംഭവം. കാടിന്റെ നടുക്ക് വലിയ പ്രകാശം കണ്ട് വാഹനം നിര്‍ത്തി. കാടിന്റെ നടുക്ക് പ്രകാശമയമായ ഒരു പറക്കുംതളിക 20 അടി ഉയരത്തില്‍ കറങ്ങുന്നത് ട്രാവിസും സഹപ്രവര്‍ത്തകരും കണ്ടു.
മറ്റുള്ളവര്‍ വാഹനത്തില്‍ ഇരുന്നപ്പോള്‍ ട്രാവിസ് മാത്രം പുറത്തിറങ്ങി. പറക്കുംതളികയുടെ അടുത്തെത്തിയപ്പോള്‍ ഒരു പ്രകാശം അയാളുടെ ശരീരത്തില്‍ പതിക്കുകയും, അയാള്‍ അടിതെറ്റി താഴെ വീഴുകയും ചെയ്തു.
ഇതോടെ ട്രാവിസ് മരിച്ചുവെന്ന് മറ്റുള്ളവര്‍ കരുതുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു. കുറച്ച് സമയത്തിന് ശേഷം അവര്‍ തിരികെ എത്തി ട്രാവിസിനെ കണ്ടെത്താന്‍ സാധിച്ചില്ല.
ഇതോടെ പൊലീസില്‍ പരാതി നല്‍കി. കണ്ട സംഭവങ്ങള്‍ പൊലീസിനോട് വിശദീകരിച്ചെങ്കില്‍ പൊലീസ് അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.
അഞ്ചു ദിവസത്തിന് ശേഷം സംഭവം നടന്ന സ്ഥലത്ത് നിന്ന് 15 മൈല്‍ അകലെയുള്ള ഒരു വഴിയോരത്ത് ബോധരഹിതനായി ട്രാവിസിനെ കണ്ടെത്തി. തന്നെ അന്യഗ്രഹജീവികള്‍ കൊണ്ടു പോയെന്നായിരുന്നു ട്രാവിസ് പറഞ്ഞത്.
ട്രാവിസ് പറയുന്നതിങ്ങനെ…എത്ര സമയം കടന്നു പോയി എന്ന് എനിക്കറിയില്ല. അഞ്ച് ദിവസവും ആറ് മണിക്കൂറും കഴിഞ്ഞിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. എന്റെ ശരീരം കഠിനമായി വേദനിച്ചിരുന്നു.
പറക്കും തളിക തിരികെ ആകാശത്തേയ്ക്ക് പോകുന്നത് ഞാന്‍ ഒരു മിന്നായം പോലെ കണ്ടു. പറക്കും തളികയ്ക്ക് അകത്ത് വച്ച് എനിക്ക് ബോധം വന്നു.
എനിക്ക് അരികെ അന്യഗ്രഹജീവികളെ പോലെ തോന്നിക്കുന്ന കുറേപേര്‍ നില്‍ക്കുന്നു! ഞാന്‍ പരിഭ്രാന്തനായി. മനുഷ്യരെ പോലെ വെളുത്ത എന്നാല്‍ ചര്‍മ്മത്തില്‍ രോമങ്ങളില്ലാത്ത, മുടിയോ, പുരികമോ, കണ്‍പീലികളോ ഇല്ലാത്ത ഒരു രൂപമാണ് അതിന്റേത്.
ഒടുവില്‍ അയാള്‍ അവര്‍ക്കിടയിലൂടെ വാതിലിന് പുറത്തേയ്ക്ക് ഓടി. തുടര്‍ന്ന് അവിടെ കണ്ട ഇടുങ്ങിയ വഴിയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, സ്പെയ്സ് ഹെല്‍മെറ്റ് പോലെ ഒന്ന് ധരിച്ച ഒരു രൂപം പ്രത്യക്ഷപ്പെട്ട് ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടു പോയി.
അവിടെ ഒരു മേശപ്പുറത്ത് വെച്ച് ഒരു മാസ്‌ക് അവര്‍ ധരിപ്പിച്ചു. അതോടെ ബോധം പോയി. പിന്നെ ഓര്‍മ്മ തെളിയുമ്പോള്‍ റോഡരികില്‍ കിടക്കുകയായിരുന്നു… ഇതായിരുന്നു അന്യഗ്രഹലോകത്തെ കുറിച്ചുള്ള ട്രാവിസിന്റെ വിവരണം.
ഒന്നിലധികം നുണപരിശോധന, ശാരീരിക, മനഃശാസ്ത്രപരമായ പരിശോധനകള്‍ ഉള്‍പ്പെടെ തീവ്രമായ അന്വേഷണം പൊലീസ് നടത്തുകയുണ്ടായി.
എന്നാല്‍ നുണപരിശോധനയില്‍ ഒന്നില്‍ പോലും അയാള്‍ പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ല. മനോവിഭ്രാന്തിയോ, മയക്കുമരുന്നിന്റെ എഫക്ടോ ആന്നെന്നാണ് ആളുകള്‍ കരുതിയത്.
ഒരുപാട് പരിശോധനകള്‍ പൊലീസ് നടത്തി. ഒടുവില്‍ അയാള്‍ക്ക് പ്രശ്നമൊന്നുമില്ലെന്ന് തെളിഞ്ഞു. 46 വര്‍ഷത്തിനുശേഷവും ട്രാവിസ് തന്റെ കഥയില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു.
ട്രാവിസ് തന്റെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതിയിരുന്നു. അത് പിന്നീട് ‘ഫയര്‍ ഇന്‍ ദി സ്‌കൈ’ എന്ന പേരില്‍ ഒരു സിനിമയായി മാറുകയും ചെയ്തു. എന്തായാലും ഇന്നും ഇത് ഒരു പ്രഹേളികയായി തുടരുകയാണ്.