ഐഫോണ് ഉപയോഗിച്ചതു മൂലം താന് സ്വവര്ഗാനുരാഗിയായെന്ന് ആരോപിച്ച് ആപ്പിളിനെതിരേ നിയമനടപടിയുമായി റഷ്യന് യുവാവ്. ഡി.റസുമിലോവ് എന്നയാളാണ് 15000 ഡോളര് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിനെതിരേ കേസ് കൊടുത്തിരിക്കുന്നത്. താന് ‘ഗേ’ ആയി മാറാനുള്ള കാരണത്തെക്കുറിച്ച് ഇയാള് പറയുന്നതിങ്ങനെ…ഒരു സ്മാര്ട്ഫോണ് ആപ്പ് വഴി ബിറ്റ്കോയിന് വേണ്ടി തിരഞ്ഞപ്പോള് പകരം കിട്ടിയത് ‘ഗേ കോയിന്’ ആണ്. ‘അനുഭവിച്ചറിയാതെ വിലയിരുത്തരുത്’ എന്ന ഒരു സന്ദേശവും ഒപ്പം ലഭിച്ചു. ‘ഞാനും ചിന്തിച്ചു, അനുഭവിച്ചറിയാതെ എനിക്കെങ്ങനെ ഒരുകാര്യത്തെ വിലയിരുത്താനാവും ? അങ്ങനെ ഞാന് സ്വവര്ഗ ബന്ധങ്ങള്ക്കായി ശ്രമിച്ചു.’ ഇങ്ങനെയാണ് ഇയാള് പരാതിയില് പറയുന്നത്.
രണ്ട് മാസത്തിന് ശേഷം താനൊരാളുമായി അടുപ്പത്തിലായി. ഇപ്പോള് തനിക്കതില് നിന്നും പുറത്തുകടക്കാനാവില്ലെന്നും ഇതെങ്ങനെ തന്റെ മാതാപിതാക്കളോട് പറയും എന്ന് അറിയില്ലയെന്നും ഇയാള് പറയുന്നു. ആ സന്ദേശമാണ് തന്റെ ജീവിതത്തെ ഇത്രയും മോശമാക്കി മാറ്റിയത്. തന്നെ സ്വവര്ഗാനുരാഗത്തിലേക്ക് തള്ളിയിട്ടത് ഐഫോണ് ആണ്. ഇത് ധാര്മികവും മാനസികവുമായ ബുദ്ധിമുട്ടുകള്ക്ക് കാരണമായെന്നും റസുമിലോവ് ആരോപിച്ചു. മോസ്കോ പ്രസെന്സ്കി ജില്ലാ കോടതിയില് കഴിഞ്ഞമാസമാണ് പരാതി സമര്പ്പിക്കപ്പെട്ടത്. ഒക്ടോബര് 17ന് ഇതില് വാദം കേള്ക്കും. ചരിത്രത്തില് തന്നെ ആദ്യമായാണ് ഒരാള് ഒരു മൊബൈല് കമ്പനിയ്ക്കെതിരേ ഇത്തരമൊരു ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.