വിതുര: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കല്ലാറും മക്കിയാറും കരകവിഞ്ഞൊഴുകി.
മീൻമുട്ടിയിൽ പോയ വിനോദസഞ്ചാരികൾ തിരിച്ചുവരാൻ ആകാതെ അകപ്പെട്ടു. കൊല്ലത്തു നിന്നുള്ള മൂന്നംഗ സംഘവും തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ സംഘത്തിലെ ഒരു കുഞ്ഞും മൂന്നു സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേരെ സമീപത്തെ വീട്ടിൽ പാർപ്പിച്ചു.
കല്ലാറിൽ കുളിക്കാനെത്തിയ തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കൾ ആറ്റിൽ വെള്ളം ഉയർന്നതിനെതുടർന്ന് മണിക്കൂറോളം പാറയിൽ കുടുങ്ങി.തുടർന്ന് ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചു.
വിതുര ഐസറിനു സമീപം കാണിത്തടം സെറ്റിൽമെന്റിൽ കനത്തമഴയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ എത്തിയ വിതുര ഫയർഫോർസിന്റെ വാഹനത്തിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു.
വാഹനത്തിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി പുറത്തിറങ്ങിയപ്പോൾ ആയിരുന്നു അപകടം.
മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്.പോലീസ്,ഫയർ ഫോഴ്സ്,കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
പൊന്മുടി ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ താത്കാലികമായി അടച്ചതായി ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ അറിയിച്ചു.