കൊച്ചുമകളുടെ മുടിവെട്ടിന് തിരുപ്പതിയിലേക്ക് പോയ ബാലന്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു; ഒന്നരവര്‍ഷം ഭിക്ഷാടകനെപ്പോലെ അലഞ്ഞു; വരാപ്പുഴ സ്വദേശി ബാലന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നത്…

വരാപ്പുഴ: തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയ ബാലന്‍ തിരികെയെത്തിയത് ഒന്നര വര്‍ഷത്തിനു ശേഷം.വരാപ്പുഴ തുണ്ടത്തുംകടവ് തുണ്ടിപറമ്പില്‍ കൃഷ്ണന്റെ മകന്‍ ടി.കെ. ബാലന്‍ (56) ആണ് ഇന്നലെ സ്വന്തം വീട്ടില്‍ എത്തിയത്. 2016ലെ ദീപാവലി ദിനത്തിലാണു ബാലന്‍ കുടുംബവുമായി തിരുപ്പതിയില്‍ പോയത്.

ബാലന്റെ മകള്‍ അശ്വതിയുടെ കുട്ടി ഗൗരി നന്ദനയുടെ മുടിവെട്ടിക്കലിനായി കുടുംബമൊത്തു തിരുപ്പതിയില്‍ എത്തി ദര്‍ശനത്തിനുശേഷം വഴി തെറ്റുകയായിരുന്നു. തിരുപ്പതിയിലെത്തിയ ബാലന്‍ മാനസിക നില തെറ്റിയതിനെത്തുടര്‍ന്നാണ് ഒറ്റപ്പെട്ടത്.

പിന്നീട് കുടുംബത്തെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ ഭിക്ഷയാചിച്ചു ജീവിതം തള്ളി നീക്കി. മലയാളം മാത്രം അറിയുന്ന ബാലന്‍ മലയാളിയെ തേടി അലഞ്ഞുവെങ്കിലും കണ്ടെത്തിയില്ല.

ഒടുവില്‍ കോവിലിനു സമീപം കഴിഞ്ഞുകൂടി. തിരുപ്പതിയില്‍ കുടുംബം ഭക്ഷണം കഴിക്കാന്‍ ഇരുന്ന സ്ഥലത്തുനിന്നാണു ബാലനെ കാണാതായത്. രണ്ടു ദിവസം അവിടെ തങ്ങി കുടുംബം അന്വേഷണം നടത്തിയിരുന്നു. ഇടയ്ക്ക് വീട്ടുകാര്‍ തിരുപ്പതിയില്‍ എത്തിയും ബാലനെ അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ബാലനെ കാണാനില്ലെന്നു കാണിച്ചു വീട്ടുകാര്‍ അവിടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോട്ടോ വെച്ച പോസ്റ്റര്‍ അടിച്ചു തിരുപ്പതിയില്‍ പ്രചരണം നടത്തിയിരുന്നു. എന്നിട്ടും പ്രയോജനമുണ്ടായില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം വരാപ്പുഴയില്‍നിന്നും തിരുപ്പതിക്കുപോയ സംഘത്തിലെ ചിറയ്ക്കകം സ്വദേശി രാജേഷ് എന്നയാള്‍ നാടോടി കൂട്ടത്തിനൊപ്പം കഴിഞ്ഞിരുന്ന ബാലനെ തിരിച്ചറിയുകയായിരുന്നു. തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍നിന്നും കിലോമീറ്റര്‍ ദൂരെയുള്ള ഒറ്റപ്പെട്ട സ്ഥലത്തെ അഗസ്തീശ്വരക്ഷേത്രത്തില്‍ നിന്നാണു ബാലനെ കണ്ടെത്തിയത്.

നാടോടികള്‍ക്കിടയില്‍ മലയാളം പറയുന്നയാളെ കണ്ടു രാജേഷിനു സംശയം തോന്നി ബാലന്റെ ഫോട്ടോ മൊബൈലില്‍ എടുത്തുകൊണ്ടുവന്നു വരാപ്പുഴയില്‍ പലരെയും കാണിച്ചുവെങ്കിലും പിടികിട്ടിയില്ല. ഒടുവില്‍ വരാപ്പുഴ പഞ്ചായത്തിനു സമീപമുള്ള ദുര്‍ഗ കുടുംബശ്രീ ഹോട്ടലിലെ സ്ത്രീ അവരുടെ മരുമകളുടെ പിതാവായ ബാലനെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് മകളുടെ ഭര്‍ത്താവിനെയും കൂട്ടി രാജേഷ് തിരുപ്പതിയിലേക്ക് പോയി. പിന്നെ തിരുപ്പതിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.മത്സ്യ തൊഴിലാളിയായ ബാലന്‍ സമീപപ്രദേശങ്ങളില്‍നിന്നും മത്സ്യബന്ധനം നടത്തിയാണു ഉപജീവനം നടത്തിയിരുന്നത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണു ബാലന്‍ എത്തിയത്. വിവരമറിഞ്ഞ് വീടും പരിസരവും അയല്‍വാസികളെകൊണ്ട് നിറഞ്ഞു.

തെലുങ്ക് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്നതിനാല്‍ ബാലന്‍ പറയുന്ന കാര്യങ്ങള്‍ പെട്ടെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. വീട്ടില്‍ തിരിച്ചെത്തുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ബാലന്‍ പറഞ്ഞു. സുമതിയാണ് ബാലന്റെ ഭാര്യ. അശ്വതി, ആരതി എന്നിവരാണ് മക്കള്‍.

 

Related posts