സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായി നടിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടത്തിയ യുവാവ് ഒടുവില്‍ പിടിയിലായി.
തിരുവനന്തപുരം നെടുമങ്ങാട് കരിമ്പുഴ സ്വദേശി ദീപുകൃഷ്ണ(36)യെയാണ് ആലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തത്. യുവാക്കളും വീട്ടമ്മമാരുമായിരുന്നു ഇയാളുടെ ഇരകള്‍
സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെയും വീട്ടമ്മമാരെയും നിരീക്ഷിച്ച ശേഷം അവരെ ബ്ലാക് മെയില്‍ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു.
ആലത്തൂരിലെ യുവാവില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ക്ക് പിടിവീണത്. ഇന്റര്‍നെറ്റില്‍ ആശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി സൈബര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നുപറഞ്ഞ് വെള്ളിയാഴ്ച ഇയാള്‍ യുവാവിനെ സമീപിച്ചു.
20,000 രൂപ നല്‍കിയാല്‍ പുറത്താരുമറിയാതെ കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് വാഗ്ദാനംചെയ്തു. സംശയം തോന്നിയതിനാല്‍, ഇപ്പോള്‍ പണം കൈയിലില്ലെന്നും ശനിയാഴ്ച നല്‍കാമെന്നും പറഞ്ഞ് മടക്കി.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് പണം വാങ്ങാന്‍ എത്തിയപ്പോള്‍ യുവാവും ബന്ധുക്കളും സമീപവാസികളുംചേര്‍ന്ന് ദീപുകൃഷ്ണയെ തടഞ്ഞ് ചോദ്യം ചെയ്തു.
തട്ടിപ്പ് പൊളിഞ്ഞെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തുടര്‍ന്ന്, സി.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പോലീസെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ സമാനമായ എട്ട് കേസ് നിലവിലുണ്ട്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപു രണ്ടു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബ്ലാക്ക് മെയിലിംഗും തട്ടിപ്പും തുടങ്ങിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പതിനെട്ടിനും ഇരുപതിനും മധ്യേ പ്രായമുള്ള യുവാക്കളെ കണ്ടെത്തും. ഭര്‍ത്താക്കന്മാര്‍ വിദേശത്ത് ജോലിചെയ്യുന്നതോ സ്ഥലത്തില്ലാത്തതോ ആയ വീട്ടമ്മമാരെയും ഇങ്ങനെ കണ്ടെത്തും.
ഇവരുടെ വീട് തേടിപ്പിടിച്ചെത്തി യുവാക്കളോട് ഇന്റര്‍നെറ്റില്‍ അശ്ലീല വീഡിയോ കാണുന്നത് പോലീസ് കണ്ടെത്തിയെന്നു പറഞ്ഞാണ് ഭീഷണി.
വീട്ടമ്മമാരോട് ഇയാള്‍ മറ്റൊരു അടവാണ് പ്രയോഗിക്കുന്നത്. അവരുടെ അശ്ലീല ദൃശ്യങ്ങള്‍ ബന്ധുക്കളോ സുഹൃത്തുക്കളോ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.
കേസെടുക്കാതിരിക്കാനും പുറത്തറിയാതിരിക്കാനും എസ്.പി. മുതല്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നു പറഞ്ഞാണ് പണം ആവശ്യപ്പെടുക.
നിരവധി പേരെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറച്ചു പേര്‍ മാത്രമാണ് കുടുങ്ങിയത്. ഇയാളുടെ തട്ടിപ്പുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.