തൊഴില് വിസയില് ബഹ്റൈനിലെത്തി ആദ്യ ദിവസം തന്നെ റൂംമേറ്റിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ.
ബഹറിനിലെത്തി 24 മണിക്കൂര് പിന്നിടും മുമ്പ് തന്നെ കൊലപാതകിയായ ആഫ്രിക്കന് സ്വദേശിയ്ക്കാണ് ഫോര്ത്ത് ക്രിമിനല് കോടതി ശിക്ഷ വിധിച്ചത്.
മാഅമീര് പ്രദേശത്തായിരുന്നു സംഭവം. ശിക്ഷാ കാലാവധി പൂര്ത്തിയാക്കിയ ശേഷം ഇയാളെ ബഹ്റൈനില് നിന്ന് നാടുകടത്തുമെന്ന് ക്യാപിറ്റല് ഗവര്ണറേറ്റ് പ്രോസിക്യൂഷന് മേധാവി പറഞ്ഞു.
കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചെന്നും റിപ്പോര്ട്ടുകള് ഉണ്ട്.
വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നും, മുന്കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം തന്റെ കക്ഷിക്ക് മേല് ചുമത്തരുതെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയോട് അഭ്യര്ത്ഥിച്ചു.
കൊല്ലപ്പെട്ടയാള് മരത്തടികള് കൊണ്ടും കമ്പുകള് കൊണ്ടും തന്റെ കക്ഷിയെ ആക്രമിച്ചിരുന്നു. ഇത് തടയാന് ശ്രമിക്കുന്നതിനിടെയാണ് അയാള് കൊല്ലപ്പെട്ടത്.
1,600 ദിനാര് ശമ്പളത്തില് മൂന്ന് മാസത്തെ ജോലിക്കായാണ് തന്റെ കക്ഷി ബഹറിനിലെത്തിയത്. എന്നാല് വിമാനത്താവളത്തിലെത്തി മണിക്കൂറുകള് കഴിഞ്ഞിട്ടും ആരും വിളിക്കാന് വന്നില്ല.
20 ദിനാര് കൊടുത്താണ് താമസസ്ഥലം കണ്ടെത്തിയത്.ജോലിസ്ഥലത്ത് നിന്ന് വിളിക്കാനും ആരും വന്നില്ല. തുടര്ന്ന് അഞ്ച് ദിനാര് ചെലവാക്കിയാണ് റൂമിലെത്തിയത്.
മൂന്ന് മാസത്തെ കരാറിനു പകരം കമ്പനി മൂന്ന് വര്ഷത്തെ കരാറില് ഒപ്പിടാന് ആവശ്യപ്പെട്ടു. കരാറിന്റെ കോപ്പി തരാനും കമ്പനി വിസമ്മതിച്ചു.
കമ്പനിയുടെ താമസസ്ഥലത്തിന് 20ദിനാര് ഈടാക്കി. മറ്റ് താമസക്കാരും അവിടെയുണ്ടായിരുന്നു. ഇതിനിടെയാണ് റൂംമേറ്റുമായി തര്ക്കമുണ്ടായതെന്ന് പ്രതിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.