ആവശ്യപ്പെട്ട പണം ലഭിക്കാതെ വന്നപ്പോള്‍ കാമുകി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെത്തുടര്ന്ന് യുവാവ് ജീവനൊടുക്കി.
ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖന്‍ മഖിജയാണ് ആത്മഹത്യ ചെയ്തത്. കാനഡയിലേക്ക് കുടിയേറാനാണ് കാമുകി ഒരു കോടി ആവശ്യപ്പെട്ടത്.
യുവാവിന്റെ അമ്മ പെണ്‍കുട്ടിക്കെതിരേ പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും തങ്ങള്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും ലഖന്റെ ഇളയ സഹോദരന് സന്ദീപ് മഖിജ പറയുന്നു.
പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവതി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്നും അതില്‍ മനം നൊന്താണ് ലഖന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് യുവാവിന്റെ കുടുംബം പറയുന്നത്.
വീട്ടിലെ സ്വീകരണമുറിയിലുള്ള ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു യുവാവ്. നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നല്കാന് ലഖന്റെ കുടുംബത്തിന് കഴിഞ്ഞില്ല.
മകനും കാമുകിയും തമ്മിലുള്ള വാട്ട്സ്ആപ്പ് സംഭാഷണങ്ങളും അമ്മ മഖിജ തെളിവായി നല്കി.
ഫോണ്‍ തങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ വാട്സ്ആപ്പ് സംഭാഷണങ്ങള്‍ ഡീലീറ്റ് ചെയ്യപ്പെട്ടിരുന്നുവെന്നും മെസേജുകള്‍ വീണ്ടെടുക്കാന്‍ സാങ്കേതിക സഹായം തേടിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
പരാതി ഗൗരവമായിത്തന്നെ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.