
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്കെത്താന്‍ നിരവധി ആളുകളാണ് കാല്‍നടയായി മൈലുകള്‍ താണ്ടുന്നത്.
ചിലര്‍ ലക്ഷ്യ സ്ഥാനത്തെത്തിയപ്പോള്‍ ചിലരുടെ യാത്ര മാത്രമല്ല ജീവിതം തന്നെ വഴിയില്‍ അവസാനിച്ചു.
ഇപ്പോള്‍ ലോക്ക് ഡൗണ്‍ മറികടന്ന് ഗുജറാത്തിലെ വ്യാവസായിക പട്ടണമായ വാപ്പിയില്‍ നിന്ന് 2,800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് 45കാരന് എത്തിയത് കാല്‍നടയായാണ്. എന്നാല്‍ ഈ യാത്ര അദ്ദേഹത്തിന് സമ്മാനിച്ചത് കൊടും ദുരിതങ്ങളായിരുന്നു.
യാത്രയില്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈലും ആരൊക്കെയോ കൊള്ളയടിക്കുകയും ചെയ്തു. വാപ്പിയില്‍ നിന്ന് 25 ദിവസമെടുത്താണ് കാല്‍നടയായി അദ്ദേഹം ഞായറാഴ്ച രാത്രി മധ്യ അസമിലെ സ്വന്തം ജില്ലയിലെത്തിയത്.
മാര്‍ച്ച് 27 ന് ദേശീയപാതയിലൂടെ നടക്കാന്‍ തുടങ്ങിയെന്ന് വാപ്പിയിലെ കുടിയേറ്റ തൊഴിലാളിയായ ജാദവ് ഗോഗോയ് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു.
നാഗോണ്‍ ജില്ലയിലെ ഗാധാരിയ ഗ്രാമത്തിലെ തന്റെ വീടിനടുത്തുള്ള ഒരു ടോള്‍ ഗേറ്റില്‍ എത്താന്‍ അദ്ദേഹം പല ജില്ലകളിലും പോലീസിന്റെ സഹായവും തേടിയിരുന്നു.
ഏറെ ക്ഷീണിച്ചപ്പോള്‍ ചില ട്രക്കുകളിലും കയറി. പ്രധാനമായും കാല്‍നട തന്നെയായിരുന്നു ആശ്രയം.
4,000 രൂപ കൈവശമുണ്ടായിരുന്നെങ്കിലും പണവും മൊബൈല്‍ ഫോണും മറ്റ് സാധനങ്ങളും യാത്രയില്‍ കൊള്ളയടിക്കപ്പെട്ടു. ജീവന് തിരിച്ചുകിട്ടിയത് ഭാഗ്യമെന്ന് അദ്ദേഹം പറയുന്നു.
ടോള്‍ ഗേറ്റിലെത്തിയപ്പോള്‍ ബിഹാറില്‍ നിന്ന് അവസാന 1000 കിലോമീറ്റര്‍ നടന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്താമായിരുന്നു. നടക്കാന്‍ ഒട്ടും പറ്റാത്ത അവസ്ഥ.
സഹതാപം തോന്നിയ ഒരു പ്രാദേശിക വ്യക്തിയുടെ ഫോണില്‍ നിന്ന് അദ്ദേഹം തന്റെ കുടുംബത്തിലെ അംഗങ്ങളെ വിളിച്ചു.
നാട്ടിലെത്തിയ അദ്ദേഹത്തെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് അദ്ദേഹത്തെ ജില്ലാ ആസ്ഥാനമായ നാഗോണിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോഗോയിയുടെ അവസ്ഥ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹം സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയതിനാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ജാദവിന്റെ യാത്ര ദേശീയമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വാര്‍ത്തയായിരിക്കുകയാണ്.