തലമുടി മുറിച്ച സ്റ്റൈൽ ഇഷ്ടപ്പെടാതെ വന്നിട്ടുള്ള അവസ്ഥ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇത്തരത്തിൽ കഴിഞ്ഞ ദിവസം തായ്ലൻഡിലെ പട്ടായയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
അവധിക്കാലം ആഘോഷിക്കാൻ പട്ടായയിൽ എത്തിയ ഒരു റഷ്യൻ വിനോദ സഞ്ചാരിക്ക് മുടിമുറിക്കാൻ മോഹം തോന്നി. അതിനായി ഇയാൾ സ്ഥലത്തെ ഒരു ബാർബർ ഷോപ്പിലും കയറി. തന്റെ തലമുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടു. ബാർബർ സാധാരണ ചെയ്യുന്നത് പോലെ മുടി മുറിച്ചു.
എന്നാൽ റഷ്യൻ സഞ്ചാരിക്ക് ഈ സ്റ്റെൽ അത്ര ബോധിച്ചില്ല. ഒട്ടുംമടിക്കാതെ തന്നെ അയാൾ ബാർബറെ അതേ കസേരയിൽ ഇരുത്തി അയാളുടെ മുടി കണ്ടം തുണ്ടമായി മുറിച്ചു കളഞ്ഞു. പട്ടായയിലെ സല്യൂട്ട് ബാർബർ ഷോപ്പിലാണ് സംഭവം.
പരിമിതമായ ഇംഗ്ലീഷ് പ്രാവീണ്യം കാരണം റഷ്യൻ സ്വദേശി കൈ കൊണ്ട് ആംഗ്യങ്ങൾ കാണിച്ചാണത്രേ തന്റെ മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടത്. ബാർബർ തനിക്ക് മനസ്സിലായത് പോലെ മുടിയും മുറിച്ചു. പക്ഷേ, ആ സ്റ്റൈല്‍ റഷ്യന്‍ സഞ്ചാരിക്ക് ഇഷ്ട്ടപ്പെട്ടില്ല.
അയാള്‍ ബാര്‍ബറോട് തട്ടിക്കയറി. ‘മേശയിൽ ഇടിച്ച ശേഷം എന്റെ തല പിടിച്ച് താഴേക്ക് വലിച്ചു, തുടർന്ന് ക്ലിപ്പർ ഉപയോഗിച്ച് എന്റെ മുടി മുഴുവന്‍ മുറിച്ചു. ഞാൻ തിരിച്ചൊന്നും ചെയ്തില്ല, പക്ഷേ എനിക്ക് ദേഷ്യം തോന്നി. ഞാൻ തിരിച്ചടിച്ചാൽ ഉണ്ടാകാനിടയുള്ള വലിയ പ്രശ്നത്തെ കുറിച്ച് ചിന്തിച്ചു. നിയമത്തെ നേരിടേണ്ടിവരുമെന്നും ജോലി നഷ്ടപ്പെടുമെന്നും ഞാൻ ഭയപ്പെട്ടു. അതുകൊണ്ട് ഞാൻ ഒന്നും ചെയ്യതില്ല.’ ബാർബർ സംഭവത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്.
ഒടുവിൽ പാവം ബാർബർക്ക് സ്വന്തം തല തന്നെ മൊട്ടയടിക്കേണ്ടി വന്നു. 32 കാരനായ ബാർബർ സുഫാചായിക്കാണ് തന്റെ ഉപഭോക്താവിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്.