പാലക്കാട്: പുതുവര്‍ഷം എല്ലാവര്‍ക്കും ഹരമാണ്. പലരും പല രീതിയിലാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. എന്നാല്‍ പാലക്കാട്ടുള്ള ഒരു യുവാവ് പുതുവര്‍ഷം വളരെ വ്യത്യസ്ഥമായ രീതിയിലാണ് ആഘോഷിച്ചത്. എടിഎമ്മില്‍ മൂത്രമൊഴിച്ചാണ് ഇയാള്‍ ന്യൂ ഇയര്‍ ആഘോഷിച്ചത്. ഒടുവില്‍ മെഷീന്‍ കേടായതോടെ സിസിടിവി പരിശോധിക്കുകയും തുടര്‍ന്ന് ഇയാള്‍ കുടുങ്ങുകയുമായിരുന്നു. കാടാങ്കോട് കരിങ്കരപ്പുള്ളി ദീപ്തത്തില്‍ ദിനു (19) വിനെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് ഒലവക്കോട് ഗായത്രി ഓഡിറ്റോറിയത്തിന് മുന്‍പിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എം.ടി.എം. മെഷിന്‍ ഇയാള്‍ നശിപ്പിച്ചത്. മെഷീന്‍ പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ എന്തോ ദ്രാവകം മെഷീനകത്തേക്ക് ഒഴിച്ചതായി കണ്ടെത്തി. തുടര്‍ന്ന് സി.സി.ടി.വി. ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് യുവാവ് ക്യാഷ് എടുക്കുന്ന ഭാഗത്തുകൂടെ (ക്യാഷ് വിഡ്രോ വിന്‍ഡോ) അകത്തേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യം കണ്ടത്.
അവസാനം പണം പിന്‍വലിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ 200 രൂപ പിന്‍വലിച്ചതായും കണ്ടെത്തി. പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ച ബാങ്ക് മാനേജര്‍ ടൗണ്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിടിയിലായ പ്രതി ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു.ഒലവക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മെഷീനില്‍ മൂത്രമൊഴിച്ചത്. തുടര്‍ന്ന് മെഷീന്റെ മദര്‍ബോര്‍ഡിന് കേടുപറ്റുകയും പ്രവര്‍ത്തനരഹിതമാകുകയുമായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണ്ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.