ഇരിട്ടി: വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിചാരണ നടപടികൾ പൂർത്തിയായിരിക്കുമ്പോഴാണ് പ്രതി ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനെ (50) വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
2017 മാർച്ച് 30നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ വയോധികയുടെ മകന് പുതിയതായി നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്കെത്തിയ പ്രതി വികാസ് നഗറിലുള്ള വീട്ടിലെത്തിയ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഓട്ടോയിൽ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തിൽ അവിടെ വച്ച് ആത്മഹത്യ ചെയ്തിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഡിഎൻഎ ഫലവും പ്രതിക്കെതിരായി.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ സുനിൽ കുമാറിന്റെ സ്ഥലംമാറ്റമടക്കം ഒട്ടനവധി സമ്മർദങ്ങൾ നേരിട്ട കേസിൽ പോലീസിന്റെയും മാധ്യമങ്ങളുടെയും വിവിധ സംഘടനകളുടെയും ശക്തമായ ഇടപെടലുകളാണ് യഥാർഥപ്രതി അറസ്റ്റിലാകാൻ കാരണമായത്.