തിരുവനന്തപുരം: കാറിനുള്ളിൽ യുവാവിനെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കളിയിക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് ആണ് കാറിനുള്ളിൽ യുവാവിനെ കഴുത്തിനു മുറിവേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമയായ കൈമനം സ്വദേശിയായ എസ്.ദീപുവിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്.
നൈറ്റ് പട്രോളിംഗിനിടെ ഇന്നലെ രാത്രി പന്ത്രണ്ടോടെ തമിഴ്നാട് പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്.കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിച്ചു കൊണ്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് വാഹനത്തിന് സമീപമെത്തി പരിശോധിച്ചപ്പോഴാണ് മുൻ സീറ്റിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
സംഭവം കൊലപാതമാണെന്ന നിഗമനത്തിലാണ് പോലീസ്. മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതെന്നും കൈയിൽ 10 ലക്ഷം രൂപയുണ്ടായിരുന്നുവെന്നുമാണ് ദീപുവിന്റെ ബന്ധു മാധ്യമങ്ങളോടു പ്രതികരിച്ചത്.
പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വിൽപ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു. തിങ്കളാഴ്ച 6 നാണ് പണവുമായി വീട്ടിൽ നിന്നും ഇറങ്ങിയതെന്നും 12.30 തോടെയാണ് മരണവിവരം അറിഞ്ഞതെന്നും ബന്ധു പറയുന്നു. അതേസമയം ദീപുവിന്റെ കൈവശം പണമുണ്ടായിരുന്നുവോ എന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.