കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരനായ യുവാവിന്റെ മരണത്തിൽ ദുരൂഹത. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മലപ്പുറം സ്വദേശി പ്രജിത്ത് കുമാർ (25) ആണ് ഇന്നലെ രാവിലെ രക്തം ഛർദിച്ചു മരിച്ചത്. ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കഴിഞ്ഞ ആറുമാസമായി പ്രജിത്തിന് രക്തം ഛർദിക്കുന്ന രോഗം ഉണ്ടായിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. വ്യാഴാഴ്ച രക്തം ഛർദിച്ചതിനെത്തുടർന്ന് ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ, ഇന്നലെ രാവിലെ വീണ്ടും വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് മരിക്കുകയായിരുന്നു. ജയിലിൽ കൊണ്ടുവരുമ്പോൾ പ്രജിത്ത് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നെന്നും ഇതേത്തുടർന്ന് മാനസികാസ്വാസ്ഥ്യമുള്ളവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് പ്രജിത്തിനെ താമസിപ്പിച്ചിരുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു.
സഹതടവുകാരിൽനിന്ന് എന്തെങ്കിലും മർദനം ഏറ്റിട്ടുണ്ടോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ പറയാനാകുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു പ്രജിത്ത്.