മരണത്തെ കാത്ത് ശവക്കുഴിയില്‍ കഴിയുക ! കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. 79 വയസുള്ള ചൈനക്കാരനായ വൃദ്ധനാണ് ഈ സാഹസം കാട്ടിയത്.
തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം. കാന്‍സര്‍ ബാധിച്ച, എപ്പോള്‍ വേണമെങ്കിലും മരണം സംഭവിച്ചേക്കാമെന്ന് കരുതിയ അദ്ദേഹം തൊഴിലാളികളെ കൊണ്ട് തനിക്കുള്ള ശവക്കുഴി നിര്‍മ്മിക്കുകയായിരുന്നു.
അസുഖത്തില്‍ നിന്ന് കരകയറാനുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായതോടെയാണ് അദ്ദേഹം തന്റെ ശവക്കുഴിയില്‍ മരണത്തെ കാത്ത് കിടന്നത്.
രക്താര്‍ബുദം ബാധിച്ച അദ്ദേഹം നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഒടുവില്‍ രക്ഷപ്പെടില്ലെന്ന് ബോധ്യമായതോടെയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
ദിനംപ്രതി ആരോഗ്യം വഷളായി കൊണ്ടിരിക്കുന്ന അദ്ദേഹം ഭാര്യക്കും കുട്ടികള്‍ക്കും ഒരു ഭാരമാകാതിരിക്കാനാണ് ഒടുവില്‍ ജീവിതം ഇങ്ങനെ അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു.
കുഴിയില്‍ ഇറങ്ങിയ അദ്ദേഹം ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗ്രാമവാസികള്‍ സംഭവം അറിഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയും, ഒടുവില്‍ പൊലീസ് എത്തി അദ്ദേഹത്തെ കുഴിയില്‍ നിന്ന് പുറത്തെടുക്കുകയുമായിരുന്നു.
വൃദ്ധനെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. ഉദ്യോഗസ്ഥരും ഗ്രാമീണരും വന്നു നോക്കുമ്പോള്‍ നിലത്ത് കുഴിച്ച കുഴിയുടെ അടിയില്‍ സ്ഥാപിച്ചിരുന്ന ഒരു ട്യൂബിനുള്ളില്‍ അദ്ദേഹം ഇരിക്കുന്നതാണ് കണ്ടത്.
രക്താര്‍ബുദം വഷളായതോടെ ബെയ്ജിംഗില്‍ നിന്ന് അദ്ദേഹവും മകനും അടുത്തിടെ അവരുടെ സ്വന്തം പട്ടണമായ വുഗാംഗിലേക്ക് വരികയായിരുന്നു. അച്ഛനും മകനും വൃദ്ധന്റെ ശവസംസ്കാരം നടത്താനുള്ള സ്ഥലം പരിശോധിക്കാന്‍ പോയതിനെത്തുടര്‍ന്നാണ് ഈ സംഭവം അരങ്ങേറിയത്.
വൃദ്ധന് ശവക്കുഴിക്കുള്ളില്‍ ഇറങ്ങുകയും, തിരിച്ച് കയറാന്‍ വിസമ്മതിക്കുകയും അവിടെ കിടന്ന് മരിക്കാന്‍ തീരുമാനിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യക്കും കുട്ടികള്‍ക്കും ഒരു ഭാരമാകാതിരിക്കാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ആ കാന്‍സര്‍ രോഗി ആഗ്രഹിച്ചുവെന്ന് പ്രാദേശിക അധികാരികള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
‘അദ്ദേഹം വളരെയധികം വേദനയിലായിരുന്നു. ഇനി കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് തോന്നി’ ഒരു ഉദ്യോഗസ്ഥന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ കുഴിയിലിറങ്ങിയ അച്ഛനെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം സ്തംഭിച്ചു പോയ മകന് അദ്ദേഹത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ആവതും ശ്രമിച്ചു. എന്നാല്‍, അദ്ദേഹം കൂട്ടാക്കിയില്ല.
ഒടുവില്‍ അച്ഛന് ഭക്ഷണം കൊണ്ടുവരാന്‍ മകന് വീട്ടിലേക്ക് പോയ സമയത്താണ് അദ്ദേഹം ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ കണ്ടെത്തിയ ഗ്രാമവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.
ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ എത്തി അദ്ദേഹത്തെ കുഴിയില്‍ നിന്ന് ഉയര്‍ത്താന്‍ ശ്രമിച്ചു. അദ്ദേഹം അതിനെ ആദ്യം ചെറുത്തെങ്കിലും ഒടുവില്‍ അവര്‍ പുറത്തെടുക്കുക തന്നെ ചെയ്തു.
തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്നും മകനോടൊപ്പം ബെയ്ജിംഗിലേക്ക് മടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.