കാമുകി നല്കുന്ന ഏതൊരു സമ്മാനവും കാമുകന് ജീവനേക്കാള് പ്രിയപ്പെട്ടതാണ്. ഇവിടെ കാമുകി നല്കിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ 47 വര്ഷം സൂക്ഷിച്ച കാനഡ സ്വദേശിയായ അഡ്രിയാന് പിയേഴ്സ് ആണ് കഥാനായകന്. 1970ല് അഡ്രിയാന്റെ ടൊറന്റോയിലെ ജോര്ജ് എസ്. ഹെന്ട്രി സെക്കന്ഡറി സ്കൂളിലെ പഠനകാലത്തായിരുന്നു ആ സമ്മാനം കിട്ടിയത്. അന്ന് പതിനേഴു വയസു മാത്രമുണ്ടായിരുന്ന അഡ്രിയാന് വിക്കി എന്ന കാമുകി നല്കിയതായിരുന്നു ആ സമ്മാനം.അഡ്രിയാന് ഇത് തുറക്കാതെ വീട്ടില് കൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ചുവച്ചു. എന്നാല്, സമ്മാനം നല്കി കുറച്ചു ദിവസങ്ങള്ക്കുള്ളില് തന്നെ അഡ്രിയാനെ തേച്ചിട്ട് വിക്കി സ്ഥലം വിട്ടു.
താന് പ്രാണനുതുല്യം സ്നേഹിച്ചയാള് ഉപേക്ഷിച്ചു പോയതിലുള്ള ദേഷ്യത്തില് വീട്ടില് ചെന്ന അഡ്രിയാന് വിക്കി നല്കിയ സമ്മാനം എടുത്ത് വലിച്ചെറിഞ്ഞു.അത് നേരെ ചെന്ന് വീണത് വീട്ടിലെ ക്രിസ്മസ് ട്രീയുടെ അടിയിലേക്കായിരുന്നു. സംഭവം കണ്ട ബന്ധുക്കള് കാര്യം അന്വേഷിച്ചപ്പോള് അദ്ദേഹം നടന്നത് പറഞ്ഞു. മാത്രമല്ല ഇനിയൊരിക്കലും ഈ സമ്മാനം താന് തുറന്നു നോക്കില്ലെന്ന് ശപഥവുമെടുത്തു.
കുറച്ചു കാലത്തിനു ശേഷം അദ്ദേഹം വിവാഹിതനായി കുട്ടികളുമുണ്ടായി. ഒരിക്കലും തുറക്കാതെ സൂക്ഷിച്ചിരിക്കുന്ന സമ്മാനം കണ്ട കുട്ടികള് അത് തുറന്നു പരിശോധിക്കാമെന്ന് ആകാംക്ഷയോടെ അദ്ദേഹത്തോട് ആവശ്യപ്പെടുമായിരുന്നു. എന്നാല് വേണ്ട എന്ന മറുപടിയാണ് അദ്ദേഹത്തില് നിന്നുണ്ടായത്. സംഭവം ചോദിച്ചറിഞ്ഞ ഭാര്യ പിണക്കമൊന്നും കൂടാതെ ഈ സമ്മാനം ക്രിസ്മസ് ട്രീയുടെ അടിയില് നിന്നും മാറ്റാന് ആവശ്യപ്പെട്ടപ്പോള് അദ്ദേഹം അത് അവിടെ നിന്നും എടുത്ത് മറ്റൊരിടത്ത് സൂക്ഷിച്ചുവച്ചു. മാത്രമല്ല എല്ലാവര്ഷവും ഇതെടുത്ത് പരിശോധിക്കുകയും ചെയ്യുമായിരുന്നു.
കുറേ നാളുകള്ക്കു ശേഷം വിക്കിയെ വിളിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നി. എന്നാല് അവരുടെ ഫോണ് നമ്പര് മാറിയിരുന്നു. അതുകൊണ്ട് ആ ആഗ്രഹം സാധിക്കാന് അദ്ദേഹത്തിനായില്ല. നാളുകള് കഴിയും തോറും സമ്മാനപ്പൊതിക്കുള്ളില് എന്തെന്ന ചിന്ത അദ്ദേഹത്തില് കലശലായി. അവസാനം ഇത് തുറന്നു പരിശോധിക്കാന് തീരുമാനിച്ച അദ്ദേഹം സമ്മാനം ലഭിച്ചതിന്റെ അമ്പതാം വാര്ഷിക ദിനത്തില് ഇത് തുറന്നു പരിശോധിക്കാമെന്ന തീരുമാനത്തിലെത്തി നില്ക്കുകയാണ്.