ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ആദരണീയ പുരുഷന്മാരില് ഒരാളാണ് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എപിജെ അബ്ദുള്‍ കലാം. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന പെരുമാറ്റം ഏവരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്.
രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളില്‍ അബ്ദുള്‍ കലാമിന്റെ ഓര്‍മക്കായി പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ പ്രതിമയ്ക്ക് മാത്രം പ്രത്യേകതയുണ്ട്. എല്ലാ ദിവസവും പൂക്കള്‍ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ടാവും ഇവിടം.
കോര്‍പ്പറേഷന്റെ നേതൃത്വത്തിലോ ഏതെങ്കിലും സംഘടനകളോ അല്ല ഇത് ചെയ്യുന്നത്. തെരുവില്‍ കഴിയുന്ന ശിവദാസന്‍ എന്ന വ്യക്തിയാണ് ഇതിന് പിന്നില്‍. പണ്ട് അബ്ദുള്‍ കലാമിനെ നേരിട്ടു കണ്ടപ്പോള്‍ അദ്ദേഹം ചെയ്തു തന്ന സഹായത്തില്‍ മനം നിറഞ്ഞാണ് ശിവദാസന്‍ ഒരു പ്രാര്‍ത്ഥന പോലെ മുടക്കം വരുത്താതെ പ്രതിമ അലങ്കരിക്കുന്നത്.
മറൈന്‍ ഡ്രൈവില്‍ നടക്കാനിറങ്ങിയ ആര്‍ജെ ആദര്‍ശാണ് വിഡിയോ പങ്കുവെച്ചത്. ശിവദാസന്‍ വീട് ഇല്ല. മറൈന്‍ ഡ്രൈവില്‍ തന്നെയാണ് രാത്രി ഉറങ്ങുന്നത്. അദ്ദേഹമാണ് എല്ലാ ദിവസവും രാവിലെ പോയി എവിടെനിന്നെങ്കിലും പൂക്കളൊക്കെ പൊട്ടിച്ച് മനോഹരമായി പ്രതിമ അലങ്കരിക്കും.
മഴയായാലും വെയിലായാലും കാറ്റായാലും ഇത് മുടക്കം വരുത്താറില്ല എന്നാണ് അദ്ദേഹം പറയുന്നത്. ശിവദാസന്റെ വാക്കുകള്‍ ഇങ്ങനെ…2015ല്‍ ഇവിടെ വന്നതാണ്. അന്നു മുതല്‍ ഞാനിത് ചെയ്യുന്നുണ്ട്. അബ്ദുള്‍ കലാം സാറിനെ ഞാന്‍ രണ്ട് പ്രാവശ്യമാണ് നേരിട്ട് കണ്ടിട്ടുള്ളത്.
ആശ്രമം മൈതാനത്ത് വച്ച് കൊല്ലത്തുവെച്ചും തിരുവനന്തപുരം സ്റ്റേഡിയല്‍ വച്ചുമാണ് കണ്ടിട്ടുള്ളത്. സ്റ്റേഡിയത്തില്‍ വച്ചു കണ്ടപ്പോള്‍ സാറ് 500 രൂപ എന്റെ പോക്കറ്റില്‍വച്ചു തന്നിട്ട് പറഞ്ഞും വണ്ടിക്കൂലിക്ക് എടുത്തോളാന്‍. ആ ഒരു നന്ദി ഞാന്‍ കാണിക്കുന്നതാണ്”.ശിവദാസന്‍ പറയുന്നു.
ശിവദാസന്റെ ഈ പ്രവൃത്തിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനംകവരുകയാണ്. ശിവദാസന്റെ പ്രവൃത്തിയെ പ്രശംസിച്ച് സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. നടന് ജയറാം ഉള്‍പ്പടെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.