പതിവായി വിവാഹാലോചനകള്‍ മുടക്കിയ നാട്ടുകാരനോട് സൂപ്പര്‍ഹിറ്റ് സിനിമ ‘അയ്യപ്പനും കോശിയും’ സ്റ്റൈലില്‍ പ്രതികാരം ചെയ്ത യുവാവാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.
തനിക്കു വരുന്ന വിവാഹാലോചനകള്‍ നിരന്തരം മുടക്കിക്കൊണ്ടിരുന്ന ആളുടെ കട ജെസിബി കൊണ്ട് പൊളിച്ചടുക്കിയാണ് ആല്ബിന് എന്ന യുവാവ് പ്രതികാരം ചെയ്തത്.
എന്നാല്‍ കടയുടമയുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ഇതും കട പൊളിക്കുന്നതിലേക്ക് യുവാവിനെ നയിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ബില്‍ഡിംഗ് പൊളിക്കുന്നത് ലൈവ് ആയി പോസ്റ്റ് ചെയ്യാനും യുവാവ് മറന്നില്ല. കണ്ണൂരിലെ ചെറുപുഴയില്‍ ആയിരുന്നു സംഭവം. നാട്ടുകാരനെന്നു പരിചയപ്പെടുത്തിയാണ് യുവാവ് ലൈവ് വീഡിയോ തുടങ്ങുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി പ്രസ്തുത ബില്‍ഡിംഗ് ഉപയോഗിക്കുന്നത് കള്ളുവില്ക്കാനും ഹാന്‍സ് വില്‍ക്കാനും രാത്രിയില്‍ ചീട്ടുകളിക്കാനും വേണ്ടി മാത്രമാണെന്ന് യുവാവ് വീഡിയോയില്‍ ആരോപിക്കുന്നു.
രണ്ടു മൂന്ന് കൊലപാതകക്കേസ് അടക്കം നൂറുകണക്കിന് കേസുകള്‍ കടയ്ക്കും കടയുടമയ്ക്കും എതിരേ ഉണ്ടായിരുന്നിട്ടും പോലീസോ പഞ്ചായത്ത് അധികൃതരോ ഒന്നും ചെയ്തില്ലെന്നും ആല്ബിന് പറയുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ കടയുടമ സോജിയുടെ പേരില്‍ രണ്ടു പോക്സോക്കേസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നതിനാല്‍ ഇയാള്‍ അസന്മാര്ഗിക പരിപാടികളിലൂടെ പണമുണ്ടാക്കുന്നത് തുടരുകയാണെന്നും യുവാവ് പറയുന്നു.
ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ താന്‍ കട പൊളിച്ചു കളയുകയാണെന്ന് പറഞ്ഞാണ് യുവാവ് ബില്‍ഡിംഗ് പൊളിച്ചടുക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.