ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് ചികില്സയിലായിരുന്നവരില് ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് (40) മരിച്ചത്. കീരിത്തോട് മടപറമ്പില്‍ മനു (മനോജ്-28), അടിമാലി പുത്തന്‍പറമ്പില്‍ അനു (38) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.
കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടിനാണ് ഇവര്‍ക്ക് വഴിയില്‍ കിടന്ന് മദ്യക്കുപ്പി ലഭിക്കുന്നത്.
മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്.
പിന്നീട് നില വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നുപേരും തടിപ്പണിക്കാരാണ്. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന അടിമാലി അപ്സരകുന്ന് സ്വദേശി സുധീഷ് നല്കിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്തകള്‍ അനുഭവപ്പെട്ടെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
സുധീഷിനെ പോലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. തനിക്ക് വഴിയില്‍ക്കിടന്നു കിട്ടിയ മദ്യം മനുവിന് നല്‍കിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് സുധീഷ് പോലീസിനു മൊഴി നല്‍കിയത്.
വഴിയില്‍ കടലാസില്‍ പൊതിഞ്ഞ നിലയിലാണ് മദ്യക്കുപ്പി ലഭിച്ചത്. തുടര്‍ന്ന് മനുവിനെയും കൂട്ടി അപ്സര കുന്നുഭാഗത്തെ വീട്ടിലെത്തി.
ഇവിടെ വച്ച് മനു മദ്യം കഴിച്ചു. പിന്നീട് കുഞ്ഞുമോനും അനുവും കഴിച്ചു. രുചി വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍ തീ കൊളുത്തി നോക്കുകയും ചെയ്തു. കുപ്പി ഭാഗികമായി കത്തിയെങ്കിലും അവശേഷിച്ച മദ്യം പോലീസ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. കീടനാശിനി മദ്യത്തില്‍ കലര്‍ത്തിയതോ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയം. സംഭവത്തില്‍ ദുരൂഹതകള്‍ നില നില്‍ക്കുകയാണ്.
വിഷമദ്യം കഴിച്ച് ഒരാള്‍ മരിച്ചതോടെ സംഭവത്തില്‍ പോലീസും എക്സൈസും വിശദമായ അന്വേഷണം നടത്തും. കുഞ്ഞുമോന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നു നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.