സാഹോദര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന രാജ്യത്തെ പ്രധാന ആഘോഷമാണ് രക്ഷാബന്ധന്. ഇതിന്റെ ഭാഗമായി സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെ സൂചകമായി മനുഷ്യര് പരസ്പരം കൈകളില് രാഖി കെട്ടുന്നു.
എന്നാല് മനുഷ്യരെക്കൂടാതെ മറ്റു സഹജീവികളെക്കൂടി സാഹോദര്യത്തോടെ കാണാനുള്ള യുവാവിന്റെ ശ്രമം വന് ദുരന്തത്തിലാണ് കലാശിച്ചത്.
ബിഹാറിലെ സരണ് ജില്ലയിലെ മാന്ജിയില് കഴിഞ്ഞ ദിവസമാണ് മന്മോഹന് (25) എന്ന യുവാവ് മൂര്ഖന്റെ കടിയേറ്റ് മരിച്ചത്.
മൂര്ഖന് രാഖി കെട്ടാന് ശ്രമിക്കുന്നതിനിടെയാണ് ഇയാള്ക്ക് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
രണ്ട് മൂര്ഖന് പാമ്പുകളെ കൈയ്യില് പിടിച്ച് നില്ക്കുന്ന യുവാവിനെയാണ് വീഡിയോയില് കാണുന്നത്. മൂര്ഖന് രാഖി കെട്ടാന് ശ്രമിക്കുന്നതിനിടെ പാമ്പുകളില് ഒന്ന് ഇയാളുടെ കാല്പാദത്തില് കടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാമ്പുകളെ പിടിക്കുകയും വളര്ത്തുകയും ചെയ്യുന്ന ആളാണ് മന്മോഹന് എന്നാണ് റിപ്പോര്ട്ട്. പരിക്കേറ്റ പാമ്പുകളെ പിടികൂടി ചികിത്സിക്കുകയും പിന്നീട് കാട്ടില് തുറന്നുവിടുകയും ചെയ്യാറുണ്ടായിരുന്നു.
കൂടാതെ പാമ്പു കടിച്ചവരെ ഇയാള് ചികിത്സിക്കുകയും ചെയ്തിരുന്നു. മന്മോഹന്റെ മരണം നാടിനാകെ വേദനയാവുകയാണ്.