കൊല്ലം: ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തിൽ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവരി കുന്നുംപുറം സ്വദേശി കലേഷ്(23) ആണ് മരിച്ചത്. ചടയമംഗലം പോരേടത്ത് ആയിരുന്നു സംഭവം.
ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കേസിൽ പ്രതി സനൽ റിമാൻഡിലാണ്. തന്റെ ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് സനൽ പട്ടാപ്പകൽ പരസ്യമായി നാട്ടുകാർക്ക് മുന്നിൽ വച്ച് കലേഷിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ സനൽ ബക്കറ്റിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്രോൾ ഒഴിച്ചപ്പോൾ പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക് പ്രതി പന്തത്തിൽ തീ കൊളുത്തി എറിയുകയായിരുന്നു.
തുടർന്ന് ദേഹാസകലം തീപിടിച്ച കലേഷ് നിലവിളിച്ച് ഓടി. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചത്. കലേഷിന്റെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
കൃത്യം നടത്തിയ ശേഷം പ്രതി ചടയമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നതിനാലാണ് കൊല്ലാൻ ശ്രമിച്ചതെന്നും ഇയാൾ പോലീസിനോട് പറയുകയായിരുന്നു.