വലിയതുറ: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന് കുളത്തില്‍ മുങ്ങി മരിച്ചു. കണ്ണമ്മൂല അനന്തപുരി ലെയിന്‍ സരിത നിവാസില്‍ സുരേഷ് (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് സുരേഷ് കണ്ണമ്മൂല കോയിക്കല്‍ കുളത്തില്‍ മുങ്ങി മരിച്ചത്.
ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായും അല്‍പ്പസമയത്തിനുളളില്‍ വെളളത്തില്‍ മുങ്ങിത്താഴുകയായിരുന്നതായും കൂടെയുണ്ടായിരുന്നവര്‍ ചാക്ക ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.
ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് അധികൃതര്‍ എത്തി സുരേഷിനെ കരയ്ക്കെടുത്ത് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുളത്തില്‍ ഏകദേശം 20 അടിയോളം വെളളമുളളതായി സമീപവാസികള്‍ പറയുന്നു. ചാക്ക ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ സജീന്ദ്രന് , എഫ്ആര്‍ഒ മാരായ ആകാശ് , ലതീഷ് , ആദര്‍ശ്.ആർ.കുമാര്‍, ഷിബു എന്നിവരുടെ നേതൃത്വത്തിലുളള സേനാംഗങ്ങളാണ് സുരേഷിനെ കുളത്തില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിൽ. മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.