മലയാളിയായ മന്ത്രവാദിയുടെ വാക്കും വിശ്വസിച്ച് നിധിയ്ക്കായി വീട് കുഴിച്ച ദമ്പതികള്ക്ക് പിണഞ്ഞത് വലിയ അമളി. മൈസൂരിലെ ചാമരാജനഗറിലെ അമ്മനപുരം ഗ്രാമത്തിലാണ് സംഭവം.
മന്ത്രവാദിയുടെ വാക്കുകള് വിശ്വസിച്ച് വീട്ടിനകത്ത് 20 അടി ആഴത്തിലുള്ള കുഴിയാണ് വീട്ടുടമയായ സോമണ്ണ എടുത്തത്. കുറച്ചുകാലം മുമ്പ് വീട്ടിന്റെ ഉള്ളില് കണ്ട പാമ്പിനെ തല്ലിക്കൊന്നിരുന്നു.
എന്നാല്, ഏതാനും ദിവസങ്ങള്ക്കുശേഷം രണ്ടു പാമ്പുകള്കൂടി വീട്ടിലെത്തി. ഇതോടെ സോമണ്ണ ബന്ധുക്കളെ വിവരമറിയിച്ചപ്പോള് ജ്യോത്സ്യനെ സമീപിക്കാനായിരുന്നു അവരുടെ നിര്ദ്ദേശം.
തുടര്ന്ന് ജ്യോത്സ്യന് കേരളത്തില്നിന്നുള്ള ഒരു മന്ത്രവാദിയെ ഇവര്ക്ക് പരിചയപ്പെടുത്തി. വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവല്നില്ക്കുന്നവയാണ് പാമ്പുകളെന്നും മന്ത്രവാദി സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു.
വീട്ടില് പാമ്പുകളെ കണ്ട ഭാഗം കുഴിക്കണമെന്നും നിര്ദേശിച്ചു. തുടര്ന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. ഇതിനുശേഷം ദമ്പതികള് പാമ്പുകളെ കണ്ട മുറിയില് കുഴിയെടുക്കല് ആരംഭിച്ചു.
അയല്ക്കാര്ക്ക് സംശയം ഉണ്ടാക്കാതെയായിരുന്നു കുഴിയെടുക്കല്. അതുകൊണ്ടുതന്നെ കുഴിയില് നിന്നുള്ള മണ്ണ് വീട്ടിലെ മറ്റൊരു മുറിയിലാണ് നിക്ഷേപിച്ചത്.
കുഴിക്ക് ആഴം കൂടിയതോടെ ഏണിയുടെ സഹായത്തോടെയാണ് മണ്ണ് പുറത്തെത്തിച്ചത്. എന്നാല്, കുഴി 20 അടി ആഴത്തില് എത്തിയിട്ടും നിധിയുടെ ഒരു ലക്ഷണവും കണ്ടില്ല.
അതേസമയം, കുഴിയില് നിന്നുള്ള മണ്ണ് മുറിയില് വലിയ കൂമ്പാരമാവുകയും താമസത്തിനു ബുദ്ധിമുട്ടായി മാറുകയും ചെയ്തു.
ഇതിനിടെ വീട്ടില്നിന്ന് തുടര്ച്ചയായി കേള്ക്കുന്ന കുഴിയെടുക്കലിന്റെ ശബ്ദം കാരണം രഹസ്യമായി എന്തോ നടക്കുന്നുവെന്ന് ഗ്രാമവാസികള്ക്ക് സംശയം ഉണ്ടായിരുന്നു.
രണ്ടുദിവസം മുമ്പ് ഇവര് ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടര്ന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.