കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിദേശയാത്ര പതിവാക്കിയ യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.
കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി അബ്ദുള്‍ഹമീദ് (38) ആണ് കോഴിക്കോട് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇയാള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 46,000 ഇന്ത്യന്‍ രൂപയും 19,000 സൗദി റിയാലും കണ്ടെടുത്തു.
എയര്‍ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയിലേക്കു പോകാനാണ് ഇയാള്‍ കരിപ്പൂരെത്തിയത്. എമിഗ്രേഷന്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി കണ്ടെത്തി. ജൂലായ് 20ന് ഇയാള്‍ കരിപ്പൂര്‍വഴി ഷാര്‍ജയിലേക്ക് യാത്ര ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.
സാധാരണഗതിയില്‍ വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ 14 ദിവസം ചുരുങ്ങിയത് ഓരോയിടത്തും ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഷാര്‍ജയിലോ കേരളത്തിലോ ഇയാള്‍ ഒരിക്കല്‍ പോലും ക്വാറന്റൈനില്‍ കഴിഞ്ഞിട്ടുമില്ല. 2020 മാര്‍ച്ച് 31 വരെ വിദേശത്തുകഴിഞ്ഞ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് വന്ദേ ഭാരത് മിഷന്.
സ്വര്‍ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്തിന്റെ കാരിയറാവാനാണ് തുടര്‍ച്ചയായി ഗള്‍ഫിലേക്കും തിരിച്ചും യാത്രചെയ്തതെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി അറിയുന്നു. എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരേ കരിപ്പൂര്‍ പൊലീസ് കേസെടുത്തു.