അമേരിക്കയുടെ വടക്കു മുതല്‍ തെക്കു വരെ നീണ്ടു കിടക്കുന്ന പര്‍വ്വത നിരയാണ് ആന്‍ഡസ്. ആന്‍ഡസിന്റെ ശിഖരങ്ങളിലൊന്നായ സെറോ റികോയുടെ ചുവട്ടിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നഗരങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത്. റിച്ച് മൗണ്ടെയ്ന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നഗരത്തിന് ഇവിടുത്തെ ഖനികള്‍ മൂലം ലഭിച്ച ദുഷ്‌പേരാണ് മനുഷ്യനെ തിന്നുന്ന മലകള്‍ എന്നത്. 1545 ലാണ് സ്പാനിഷുകാര്‍ ഇവിടെ ഖനനം ആരംഭിക്കുന്നത്. വെള്ളിയ്ക്കുവേണ്ടിയാണ് ഇവിടെ ഖനികള്‍ കുഴിച്ചത്. തദ്ദേശീയരായ സാധാരണക്കാരെയാണ് ഇവിടെ ഖനി നിര്‍മ്മിക്കുന്നതിനായി നിയോഗിച്ചത്. അവര്‍ അടിമകളുമായിരുന്നു. 30 ലക്ഷത്തോളം ആളുകളാണ് അടിമപ്പണിയ്ക്കായി നിയോഗിക്കപ്പെട്ടത്.
അശാസ്ത്രീയമായ അന്നത്തെ ഖനന രീതികളാണ് പതിനായിരങ്ങളുടെ ജീവനെടുക്കാന്‍ ഈ മല കാരണമായത്. ഇതുകൂടാതെ പകര്‍ച്ച വ്യാധിയും പട്ടിണിയും ദുരിതം വര്‍ധിപ്പിച്ചു. സ്പാനിഷുകാര്‍ തിരികെ പോയിട്ടും ഖനികള്‍ മൂലമുള്ള ദുരിതങ്ങള്‍ ഏതാണ്ട് സമാനമായ അവസ്ഥയില്‍ ഇപ്പോഴും തുടരുകയാണ്. യുവാക്കളടക്കം വര്‍ഷം തോറും നൂറുകണക്കിനാളുകളാണ് ഇന്നും ബൊളീവിയയില്‍ സ്ഥിതി ചെയ്യുന്ന ഈ ഖനികളില്‍ മരണപ്പെടുന്നത്. ചരിത്രകാരന്മാരുടെ കണക്കുകളനുസരിച്ച് ആറു നൂറ്റാണ്ടുകള്‍ക്കിടയില്‍ 80 ലക്ഷത്തോളം മനുഷ്യജീവനുകള്‍ ഈ മലയടിവാരത്തിലെ ഖനികളില്‍ പൊലിഞ്ഞിട്ടുണ്ട്. മറ്റൊരു ഖനിമേഖലയിലും ഉണ്ടാകാത്തത്ര ഭീകരമായ മരണ സംഖ്യയാണ് സെറോ റിക്കോയുടെ ഖനികളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മലയിടിച്ചില്‍ മൂലമാണ് ഭൂരിഭാഗം ആളുകളും ഇവിടെ ഖനികള്‍ക്കുള്ളില്‍ മരണപ്പെടുന്നത്. ഇക്കാരണങ്ങളാലൊക്കെയാണ് മനുഷ്യരെ തിന്നുന്ന മലയെന്ന് സെറോറിക്കോയ്ക്ക് പേര് നല്‍കിയത്.