ലോക്ക്ഡൗണില്‍ മൂന്നാറിലേക്ക് പോകുമ്പോള്‍ ഒരു ഉള്‍വിളി ! ആ വിളിയില്‍ കാറുമായി പഴയ കളിക്കൂട്ടുകാരനെത്തി വീട്ടിലേക്കു കൊണ്ടുപോയി; ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും കൂട്ടുകാരന് സ്വന്തം വീട്ടില്‍ പോകേണ്ട; യുവാവിന് കാര്യം മനസ്സിലായത് ‘ചങ്ക് ബ്രോ’ സ്വന്തം ഭാര്യയെയും കുട്ടികളെയും കൊണ്ട് മുങ്ങിയപ്പോള്‍ മാത്രം…

വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെച്ചു എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. ഇപ്പോള്‍ ഏതാണ്ട് ആ ഒരു അവസ്ഥയിലാണ് മൂവാറ്റുപുഴയിലുള്ള യുവാവ്.

ലോക്ക്ഡൗണ്‍ കാലത്ത് മൂന്നാറുകാരനായ സുഹൃത്തിന് അഭയം കൊടുത്ത യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്.

അഭയം തേടിയെത്തിയ യുവാവ് ബാല്യകാല സഖാവിന്റെ ഭാര്യയെയും കുട്ടികളെയും കൊണ്ടാണ് സ്ഥലംവിട്ടത്. ഭാര്യയുടെയും കൂട്ടുകാരന്റെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ് താനും.

മക്കളെയെങ്കിലും കണ്ടുപിടിച്ചു നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് യുവാവിന്റെ ഭീഷണി.

ഇതേത്തുടര്‍ന്ന് ഒളിച്ചോട്ടക്കാരെ പൊക്കാനുറച്ചാണ് മൂവാറ്റുപുഴ പോലീസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

എറണാകുളത്തെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂന്നാര്‍ സ്വദേശി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് മേലുകാവിനു പോവുകയായിരുന്നവര്‍ക്കൊപ്പം സ്വകാര്യ വാഹനത്തില്‍ മൂവാറ്റുപുഴയില്‍ എത്തിയത്.

മൂന്നാറിനു പോകാന്‍ വാഹനം കിട്ടാതെ കുടുങ്ങിയ ഇയാള്‍ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു.

ഇതിനിടെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെ കുറിച്ച് യുവാവിന് ഓര്‍മ്മ വന്നത്.

തുടര്‍ന്ന് മൂവാറ്റുപുഴക്കാരനായ ബാല്യകാല സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചതോടെ ബാല്യകാല സുഹൃത്ത് യുവാവിനെ എതിരേല്‍ക്കാന്‍ കാറുമായെത്തി.

തുടര്‍ന്ന് യുവാവിനെ മൂവാറ്റുപുഴയിലെ സ്വന്തം വീട്ടിലേക്കു കൂട്ടികൊണ്ടു പോയി. ലോക്ഡൗണ്‍ ഇളവു പ്രഖ്യാപിക്കുന്നതുവരെയുള്ള ഒന്നരമാസത്തോളം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ തന്നെ കഴിഞ്ഞു.

ഇതിനിടയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും യുവാവ് വീടുവിട്ട് പോകാന്‍ തയാറായില്ല.

ഈ ഒന്നരമാസത്തിനുള്ളില്‍ സുഹൃത്തിന്റെ ഭാര്യയെ മൂന്നാറുകാരന്‍ വളച്ചെടുത്തിരുന്നു. ഇരുവരുടെയും ഇടപഴകലുകളില്‍ വന്ന മാറ്റം യുവതിയുടെ ഭര്‍ത്താവില്‍ സംശയം ജനിപ്പിച്ചിരുന്നു.

എന്നാല്‍ ആ സംശയം ഉറപ്പിക്കാന്‍ അവസരം ലഭിക്കുന്നതിനു മുമ്പു തന്നെ ചങ്ക് ബ്രോയുടെ ഭാര്യയെയും പിള്ളേരേം കൊണ്ട് സ്ഥലം കാലിയാക്കിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി.

തുടര്‍ന്നാണ് മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് മുഴക്കിയത്.

ഇതോടെ എങ്ങിനെയും ഇവരെ കണ്ടു പിടിക്കാനുള്ള തീവ്ര നീക്കത്തിലാണ് പൊലീസ്. ന്നാലും ലോക്ക്ഡൗണ്‍ കാലത്ത് ഇമ്മാതിരി ഒരു പണി കിട്ടുമെന്ന് യുവാവ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല.

Related posts

Leave a Comment