ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. ചിരി ആയുസ് കൂട്ടുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ അമിതമായ ചിരി അത്ര നല്ലതല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്നൊരു വിചിത്രമായ സംഭവം വ്യക്തമാക്കുന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ പറയുന്നത് അനുസരിച്ച് അടുത്തിടെ ലാഫ്റ്റർ -ഇൻഡ്യൂസ്ഡ് സിൻകോപ്പ് എന്നറിയപ്പെടുന്ന ഒരു അപൂർവ അവസ്ഥയെ തുടർന്ന് 53കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വീട്ടിലിരുന്ന് ചായ കുടിച്ചുകൊണ്ട് ടിവിയിലെ ഒരു കോമഡി ഷോ ആസ്വദിക്കുന്നതിനിടെയാണ് സംഭവം. ടിവിയിലെ കോമഡി ഷോ കണ്ട് കുറച്ച് മിനിറ്റുകളോളം ശ്യാമിന് ചിരി നിർത്താൻ സാധിച്ചില്ല. തുടർന്ന് ശരീരത്തിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടമായി അയാൾ വീണ് അബോധാവസ്ഥയിലായി.
തുടർന്ന് മകൾ ആംബുലൻസ് വിളിച്ച് ശ്യാമിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തി അല്പ സമയം പിന്നിട്ടപ്പോഴേക്കും ശ്യാം കണ്ണ് തുറന്ന് എല്ലാവരേയും തിരിച്ചറിഞ്ഞ് കൈകൈലുകൾ ചലിപ്പിച്ച് സംസാരിക്കാനും തുടങ്ങി. എന്നാൽ തനിക്ക് എന്താണ് സംഭവിച്ചതെന്ന് ശ്യാമിന് ഓർമയില്ല. ഇയാളെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും പൂർണമായും സുഖം പ്രാപിച്ചിരുന്നു. പരിശോധനയിൽ ഇയാൾക്ക് മറ്റ് രോഗങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തിയെന്നും ഡോക്ടർ വ്യക്തമാക്കി.
ചിരിയുണ്ടാക്കുന്ന സിൻകോപ്പ് ശരിക്കും അപൂർവമായ ഒരു അവസ്ഥയാണെന്ന് ഡോക്ടർ വിശദീകരിച്ചു. അമിതമായ ചിരി നെഞ്ചിനുള്ളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്. ഇത് കൂടാതെ ഹൃദയമിടിപ്പ് കുറയുക, രക്തക്കുഴലുകൾ വികസിക്കുക, രക്തസമ്മർദ്ദം കുറയുക, തലച്ചോറിലേക്കുള്ള രക്ത പ്രവാഹം താത്കാലികമായി കുറയുക, ബോധം നഷ്ടപ്പെടുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്.