അച്ഛനിൽനിന്നു പണം കിട്ടാൻ വേണ്ടി തട്ടിക്കൊണ്ടുപോകൽ നാടകം മെനഞ്ഞ യുവാവിനെ പൊക്കി പോലീസ് . ബിഹാറിലെ കൈമൂർ ജില്ലയിലാണു സംഭവം.
പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ യുവാവ് തിരികെ എത്തേണ്ട നേരം കഴിഞ്ഞിട്ടും എത്തിയില്ല. പിന്നാലെ, യുവാവിന്റെ വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നു.
യുവാവിനെ തട്ടിക്കൊണ്ടുവന്നിരിക്കുകയാണെന്നും വിട്ടുകിട്ടണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നുമാണു ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. പണം മകന്റെ അക്കൗണ്ടിലേക്ക് ഇട്ടാൽ മതിയെന്നും വിളിച്ചയാൾ പറഞ്ഞു.
ബന്ധുക്കൾ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. സംഭവം അന്വേഷിക്കാൻ പോലീസ് ഒരു സ്പെഷൽ ടീമിനെയും നിയോഗിച്ചു. താമസിയാതെ കോൽക്കത്ത റെയിൽവേ സ്റ്റേഷനിൽനിന്നു യുവാവിനെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ യുവാവ് ഉള്ള കാര്യം വെളിപ്പെടുത്തി.
അച്ഛനോടു പഠിക്കാൻ പോകാൻ പണം ചോദിച്ചപ്പോൾ സഹോദരിയുടെ വിവാഹത്തിനു വേണ്ടി മാറ്റിവച്ചിരിക്കുകയാണെന്നു പറഞ്ഞു തന്നില്ലെന്നും അതിനാലാണു തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചതെന്നുമായിരുന്നു യുവാവിന്റെ മൊഴി. പോലീസ് താക്കീത് നൽകിയശേഷം യുവാവിനെ വീട്ടിലെത്തിച്ചു.