2018ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡ് എഎഫ്പിയുടെ ഫോട്ടോഗ്രാഫറായ റൊണാൾഡൊ ഷെമിറ്റ് സ്വന്തമാക്കി. വെനസ്വല പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ശരീരത്തിൽ തീപടരുന്പോഴും മുന്പോട്ട് കുതിക്കുന്ന പോരാളിയുടെ ചിത്രമാണ് ഈ അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.
കത്തുന്ന ഒരു രാജ്യത്തിന്റെ മുഴുവൻ ഭീകരതയും പ്രതിഫലിക്കുന്ന ചിത്രമാണിതെന്നാണ് അവാർഡ് നിർണയ സമിതി ഇതിനെപ്പറ്റി പരാമർശിച്ചത്. സർക്കാരിനെതിരെ 2017ൽ നടന്ന പ്രക്ഷോഭത്തിനിടെ ഇരുപത്തിയെട്ടുകാരനായ വിക്ടർ സലാസറും സംഘാംഗങ്ങളും ഒരു പോലീസ് ബൈക്ക് തകർക്കുന്നതിനിടെയാണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് വിക്ടറിന്റെ ശരീരത്തിൽ തീപടർന്നത്. മാസ്ക് ധരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖത്ത് പരിക്കില്ല.
പ്രക്ഷോഭത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്പോഴാണ് ശരീരം നിറയെ പടർന്ന തീയുമായി വിക്ടർ ഓടുന്ന ദൃശ്യം റൊണാൾഡൊയുടെ കണ്ണിൽപ്പെട്ടത്. ഒട്ടം സമയം കളയാതെ അദ്ദേഹം ഈ ചിത്രം പകർത്തുകയും ചെയ്തു. ക്ലാസിക്കൽ ചിത്രമാണിതെന്നാണ് വിധികർത്താക്കളിലൊരാളായ മഗ്ദലേന ഹെരേര ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.