മാൾഡ: പശ്ചിമ ബംഗാളിൽ നാട്ടുകൂട്ടത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യുവാവിനെ ജീവനനോടെ കത്തിക്കാൻ ശ്രമിച്ചു. മാൾഡ ജില്ലയിലെ കേന്ദ്പുക്കുരിലാണു സംഭവം.
മൊണ്ടാൽ ഹൻസ്ദ എന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഹൻസ്ദായും ഇയാളുടെ ബന്ധുവും തമ്മിൽ ഭൂമിതർക്കം നിലനിന്നിരുന്നു. ഇതേതുടർന്ന് നാട്ടുകൂട്ടം കൂടി യുവാവിനെ കുറ്റക്കാരനെന്നു കണ്ടെത്തി ഇയാളെ ജീവനോടെ കത്തിക്കാൻ ഉത്തരവിടുകയായിരുന്നു. ഉടൻതന്നെ ചിലർ യുവാവിനെ ബന്ധിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.
എന്നാൽ കുടുംബാംഗങ്ങൾ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുന്നതായാണു റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകൂട്ട തലവൻ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.