മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ ചെന്ന് അവശനായ നിലയില്‍ കണ്ടെത്തി.
കറുകച്ചാല്‍ ബസ് സറ്റാന്‍ഡിനുളളില്‍ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം.പി ജോയി (65) യെയാണ് എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്.
ഇദ്ദേഹത്തെ കറുകച്ചാല്‍ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4:30 ഓടെ എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോഴാണ് ജോയിയാണെന്നു തിരിച്ചറിഞ്ഞത്. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ജോയി വിഷം കഴിച്ചതാകാമെന്നാണു പോലീസ് കരുതുന്നത്.
ഇന്നലെ രാവിലെ 9:30 നോടെ ജോയിയുടെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ നെടുംകുന്നം സ്വദേശി വീട്ടമ്മയെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വെച്ച് മുഖത്ത് അടിച്ചിരുന്നു.
സംഭവം കണ്ട് ഓടിയെത്തിയവരോടു വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ജോയി പറഞ്ഞു.
തുടര്‍ന്ന് പോലീസ് എത്തി വിശദവിവരം തിരക്കിയപ്പോള്‍ വീട്ടമ്മ മൊബൈല്‍ ഫോണ്‍ കടയില്‍ വെച്ച് മാറിപ്പോയ വിവരം അറിയുന്നത്.
പണം നല്കുന്നതിനിടയില് വീട്ടമ്മ തന്റെ മൊബൈല്‍ ജോയിയുടെ മേശപ്പുറത്ത് വയ്ക്കുകയും തിരക്കിനിടയില്‍ ഫോണ്‍ മാറി എടുക്കുകയുമായിരുന്നു.
പിന്നീട് വീട്ടമ്മയുടെ ഫോണ്‍ ജോയിയുടെ മേശപ്പുറത്തു നിന്നു കണ്ടെത്തുകയായിരുന്നു. തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നു ജോയി പിന്നീട് സമ്മതിച്ചു. ഇതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കാതെ തിരികെപ്പോയി.