പ്രളയം എന്ന വാക്കു പോലും മലയാളികള്‍ക്ക് ഒരു ഉള്‍ക്കിടിലത്തോടു മാത്രമേ ഇപ്പോള്‍ ഓര്‍മിക്കാന്‍ കഴിയൂ. സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും മലയാളികള്‍ കരകയറിവരുന്നതേയുള്ളൂ. ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ 2013 ല്‍ ഉണ്ടായ വെള്ളപ്പൊക്കം അതിഭീകരമായിരുന്നു. തുടര്‍ച്ചയായി പെയ്ത മഴ യുടെ ബാക്കിപത്രമായിരുന്നു വന്‍പ്രളയം. അന്ന് നൂറുകണക്കിനാളുകള്‍ക്കാണ് ജീവന് നഷ്ടമായത്. റോഡുകളും പാലങ്ങളും തകര്‍ന്നു. ഒടുവില്‍ പ്രളയമൊടുങ്ങി. ജനജീവിതം പതുക്കെയെങ്കിലും സാധാരണ നിലയിലേക്കു വന്നു. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴും ഒരാള്‍ മാത്രം തന്റെ പ്രിയതമയുടെ വേര്‍പാട് അംഗീകരിക്കാന്‍ തയാറായില്ല. എവിടെയോ തന്റെ പത്നി ജീവിക്കുന്നുണ്ടെന്നു വിജേന്ദ്രസിങ് റാത്തോര്‍ ഉറച്ചു വിശ്വസിച്ചു.
രാജസ്ഥാനിലെ അജ്മീറില്‍ ഒരു ട്രാവല്‍ ഏജന്‍സിയിലായിരുന്നു വിജേന്ദ്രസിങിന്റെ ജോലി. ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. 2013 ല്‍ കേദാര്‍നാഥിലേക്കുള്ള യാത്ര വിജേന്ദ്രയുടെ ജീവിതം മാറ്റിമറിച്ചു. കേദാര്നാഥിലേക്കു പുറപ്പെട്ട 30 യാത്രക്കാരില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ലീലയും ഉണ്ടായിരുന്നു. ഇവര്‍ ഉത്തരാഖണ്ഡിലെത്തിയതിനു തൊട്ടു പിന്നാലെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഭാര്യയെ കാണാതായി. എവിടെയെന്നും ഒരു തുമ്പുമില്ല. ആരേയും പരിചയവുമില്ല. വിജേന്ദ്ര ഭാര്യയ്ക്കായി തിരഞ്ഞു നടന്നു. ഒരു ഫോട്ടോ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. കാണുന്നവരോടൊക്കെ ചോദിച്ചു- എന്റെ ഭാര്യയെ കണ്ടോ ?
തിരച്ചില്‍ ദിവസങ്ങള്‍ പിന്നിട്ട് മാസങ്ങളിലേക്കു കടന്നിട്ടും യാതൊരു ഫലവുമുണ്ടായില്ല. അപ്പോഴേക്കും വിജേന്ദ്രയ്ക്ക് ഭ്രാന്താണെന്ന് നാട്ടുകാര്‍ പറഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ ഒരിക്കല്‍ അവളെ കണ്ടുമുട്ടുമെന്നും വിജേന്ദ്ര ഉറച്ചു വിശ്വസിച്ചു. അപ്പോഴും ഇവരുടെ മക്കള്‍ നാട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഭാര്യയില്ലാതെ ഉത്തരാഖണ്ഡ് വിട്ടു പോകാന്‍ വിജേന്ദ്ര തയാറായില്ല. നൂറു കണക്കിന് ഗ്രാമങ്ങളിലൂടെ ഇയാള്‍ അലഞ്ഞു. ഒടുവില്‍ ലീല മരിച്ചുവെന്നു സര്‍ക്കാര്‍ രേഖപ്പെടുത്തി. വിജേന്ദ്രയ്ക്കു ഒന്‍പതു ലക്ഷം രൂപ നഷ്ടപരിഹാരവും അനുവദിച്ചു. എന്നാല്‍ അതു സ്വീകരിക്കാന്‍ അദ്ദേഹം തയാറായില്ല. കാരണം ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നു ആയാള്‍ ദൃഢമായി വിശ്വസിച്ചു.
അങ്ങനെ രണ്ടു വര്‍ഷത്തെ തിരച്ചിലിനു ശേഷം 2015 ജനുവരി 27 നായിരുന്നു ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിലുള്ളവര്‍ ഒരു സ്ത്രീയെക്കുറിച്ച് സൂചന നല്‍കിയത്. മാനസിക പ്രശ്നമുള്ള ഒരു സ്ത്രീയെ കണ്ടെന്നും ലീലയോടു സാമ്യമുണ്ടെന്നും അവര്‍ പറഞ്ഞു. അവര്‍ വിജേന്ദ്രയെ അവിടെയെത്തിച്ചു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ഫലം കണ്ട നിമിഷം. അത് വിജേന്ദ്രയുടെ പ്രിയ പത്നി ലീല തന്നെയായിരുന്നു. ജീവിതത്തിന്റെ ആ ഇരുണ്ടദിനങ്ങള്‍ ലീലയുടെ മനോനില തെറ്റിച്ചിരുന്നു. എല്ലാം മറന്ന് ഒരു പുതുജീവിതം തുന്നിച്ചേര്‍ക്കാന്‍ ശ്രമിക്കുകയാണ് ഈ ദമ്പതികള്‍. ഇവരുടെ കഥ കേട്ടറിഞ്ഞ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ഈ ജീവിതം സിനിമയാക്കാനുള്ള തയാറെടുപ്പിലാണ്. അന്ന് വിജേന്ദ്രയെ പരിഹസിച്ചവരെല്ലാം ഇപ്പോള്‍ ഇയാളെ അഭിനന്ദിക്കുകയാണ്.