അന്ന് ബഹിരാകാശത്തു നിന്നും കൃഷിയിടത്തിലേക്ക് വീണ ആ വസ്തുവിന്റെ വിലയറിയാതെ ഉടമ സ്ഥലമുള്‍പ്പെടെ വിറ്റു ; സ്ഥലം വാങ്ങിയ ആള്‍ക്ക് അടിച്ചത് വമ്പന്‍ ലോട്ടറി; സംഭവം ഇങ്ങനെ…

കഥ തുടങ്ങുന്നത് 1930കളിലാണ്. യുഎസിലെ എഡ്‌മോറിലുള്ള ഒരു കൃഷിയിടം. കൃഷിപ്പണികള്‍ക്കിടെയാണ് അവിടത്തെ ജോലിക്കാര്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ആകാശത്തുനിന്നു വയലിലേക്ക് ഒരു തീഗോളം പതിക്കുന്നു. ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ അതു പൊട്ടിത്തെറിച്ചു. ആ സ്ഥലം പരിശോധിക്കാനെത്തിയപ്പോള്‍ കര്‍ഷകരെ കാത്തിരുന്നത് ഒരു നീളന്‍ വിള്ളലായിരുന്നു. അതിനു സമീപത്തു നടത്തിയ പരിശോധനയില്‍ ലഭിച്ചതാകട്ടെ ഏകദേശം പത്തു കിലോഗ്രാം ഭാരം വരുന്ന ഒരു അസാധാരണ പാറക്കഷ്ണവും.

കൃഷിയിടത്തിന്റെ ഉടമയായ കര്‍ഷകന്‍ അതെടുത്ത് തന്റെ ധാന്യപ്പുരയുടെ വാതില്‍ അടഞ്ഞു പോകാതിരിക്കാനുള്ള ‘ഡോര്‍‌സ്റ്റോപ്പാക്കി’ മാറ്റി. ഏകദേശം 50 വര്‍ഷത്തോളം ഒരു പോറലു പോലും പറ്റാതെ ആ ഡോര്‍ സ്റ്റോപ്പ് ധാന്യപ്പുരയുടെ വാതിലിനിടയില്‍ കിടന്നു. 1988ല്‍ ആ കൃഷിയിടം മിഷിഗണിലെ ഡേവിഡ് മസൂറെക്ക് എന്ന വ്യക്തിക്കു വിറ്റു. ഒപ്പം ആ ഡോര്‍‌സ്റ്റോപ്പും കൊടുത്തു. തന്റെ ധാന്യപ്പുരയിലെ ആ അസാധാരണ പാറക്കഷ്ണം അടുത്തിടെയാണു ഡേവിഡ് ശ്രദ്ധിച്ചത്.

മിഷിഗണില്‍ പലയിടത്തും ഉല്‍ക്കാശിലകള്‍ കണ്ടെത്തിയെന്നും അതു വിലയ്‌ക്കെടുക്കുന്നുവെന്നും കേട്ട വാര്‍ത്തയെ തുടര്‍ന്നായിരുന്നു അത്. സംശയം തോന്നി പാറക്കഷ്ണത്തിന്റെ സാംപിള്‍ സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയില്‍ പരിശോധനയ്ക്കയച്ചു. അവരത് ലോകപ്രശസ്തമായ സ്മിത്സോണിയന്‍ റിസര്‍ച്ച് സെന്ററിലേക്കും അയച്ചു. പിന്നീടാണ് ഡേവിഡിനെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. സര്‍വകലാശാല ആ പാറയ്ക്കിട്ട വില ഒരു ലക്ഷം ഡോളറായിരുന്നു (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 73 ലക്ഷം വരും!) അന്തംവിട്ടു പോയ ഡേവിഡിനോടു സര്‍വകലാശാലയിലെ ജിയോളജി പ്രഫസര്‍ മോണ സിര്‍ബെസ്‌കുവാണു പറഞ്ഞത്- അദ്ദേഹത്തിന്റെ സംശയം തെറ്റിയില്ല, കൊണ്ടുവന്നത് ഒരു ഉല്‍ക്കാശിലയുടെ (Meteorite) കഷ്ണമാണ്.

ബഹിരാകാശത്ത് അലഞ്ഞു തിരിയുന്ന ഇത്തരം ശിലകള്‍ ചില സാഹചര്യങ്ങളില്‍ ഭൂമിയിലേക്കു പതിക്കാറുണ്ട്. എന്നാല്‍ അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തിലൂടെ ഭൂരിഭാഗവും കത്തിത്തീരുകയാണു പതിവ്. ലോഹങ്ങളാലും പാറകളാലും രൂപപ്പെട്ട ഉല്‍ക്കാശിലകളുടെ ചില ഭാഗം ഭൂമിയില്‍ പതിക്കുകയും ചെയ്യും. മിഷിഗനില്‍നിന്നു തന്നെ അത്തരത്തില്‍ പല തവണയായി ഉല്‍ക്കാശിലകള്‍ ലഭിച്ചിട്ടുമുണ്ട്.ഡേവിഡിനു ലഭിച്ച ശിലയില്‍ 88.5 ശതമാനവും ഇരുമ്പായിരുന്നു, 11.5% നിക്കലും. വിലയുടെ കാര്യത്തിലും ശാസ്ത്രീയമായും നോക്കുകയാണെങ്കില്‍ ഇന്നേവരെ കണ്ടെത്തിയതില്‍ ഏറ്റവും മൂല്യമേറിയ ഉല്‍ക്കാശിലയാണ് ഡേവിഡ് നല്‍കിയതെന്നായിരുന്നു മോണയുടെ വാക്കുകള്‍.

മിഷിഗണില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ആറാമത്തെ ഉല്‍ക്കാശിലയുമാണിത്. ഈ അപൂര്‍വ ശിലയില്‍ കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങുകയാണു ഗവേഷകര്‍. എത്ര വില വേണമെങ്കിലും നല്‍കി ഉല്‍ക്കാശില ഏറ്റെടുക്കാന്‍ തയാറാണെന്ന് സ്മിത്സോണിയന്‍ റിസര്‍ച്ച് സെന്ററും യുഎസിലെ മെയ്ന്‍ മ്യൂസിയവും അറിയിച്ചിട്ടുണ്ട്. ഇത്രയും പണം ലഭിച്ചാല്‍ എന്തു ചെയ്യുമെന്ന് ഡേവിഡിനു നേരെ ഒരു ചോദ്യവും വന്നു. ‘ഇനി വേണം ധാന്യപ്പുരയിലേക്കു പുതിയൊരു ഡോര്‍‌സ്റ്റോപ്പ് വാങ്ങാന്‍…’ എന്നായിരുന്നു ഡേവിഡിന്റെ ഉത്തരം. എന്നിരുന്നാലും ഈ അപൂര്‍വ സൗഭാഗ്യം നഷ്ടപ്പെടുത്തിക്കളഞ്ഞ കര്‍ഷകന്റെ പ്ിന്മുറക്കാര്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാവുമെന്ന് തീര്‍ച്ച.

Related posts