അട്ടപ്പാടി: യുവതിയും സുഹൃത്തും കൊല്ലപ്പെട്ട കേസിൽ യുവതിയുടെ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കള്ളമല താഴെ ഊരിലെ മല്ലി, സുഹൃത്ത് സുരേഷ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് നഞ്ചന് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
2017 നവംബർ 27 ന് രാത്രിയാണ് പണി തീരാത്ത വീടിന്റെ ടെറസിൽ മല്ലിയെയും സുഹൃത്ത് സുരേഷിനെയും തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തേപ്പ് പണിക്കാരനായ സുരേഷിന്റെ സഹായിയായിരുന്നു മല്ലി. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന നഞ്ചന്റെ സംശയമാണ് കൊലയ്ക്ക് പിന്നിൽ.
കോൺക്രീറ്റ് വാർക്കാൻ ഉപയോഗിക്കുന്ന മുളകൊണ്ടാണ് മല്ലിയെയും സുരേഷിനെയും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സുരേഷിന്റെ പോക്കറ്റിലുണ്ടായിരുന്ന 26000 രൂപയുമായി നഞ്ചൻ ചായക്കടയിൽ എത്തുകയും അവിടെ കൊടുക്കാനുള്ള പണം കൊടുത്ത് തീർക്കുകയും ചെയ്തു.
നഞ്ചന്റെ വസ്ത്രത്തിലെ രക്തപ്പാടുകളും രക്തം പുരണ്ട നോട്ടുകളും കണ്ട് സംശയം തോന്നിയ കടക്കാരൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. നഞ്ചന്റെ കുറ്റസമ്മത മൊഴിയും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കുറ്റം തെളിയിക്കാൻ സഹായമായത്.
ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയുമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കൂടാതെ കൊല്ലപ്പെട്ട സുരേഷിന്റെ പോക്കറ്റിൽ നിന്ന് പണം അപഹരിച്ചതിന് മൂന്ന് വർഷം കഠിന തടവും കോടതി വിധിച്ചു.