വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്ഫോര്‍മറിനു മുകളില്‍ കയറിയ കാമുകന് പൊള്ളലേറ്റ് ആശുപത്രിയില്‍.
ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. തര്‍ക്കത്തിനൊടുവില്‍ കാമുകിയെ പേടിപ്പിക്കാനായാണ് യുവാവ് ട്രാന്‍സ്ഫോര്‍മറില്‍ കയറിയത്.
മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വലിയ ശബ്ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടന്‍തന്നെ യുവാവിന് പ്രഥമശുശ്രൂഷ നല്കി.
പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന് തിരിച്ചുകിട്ടിയതെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു.
കെഎസ്ഇബിയുടെ ജീപ്പില്‍ തന്നെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്.