ശനിയാഴ്ച രാത്രി 12 മണിയോടെ കരിങ്കുന്നം സ്റ്റേഷനിലേക്ക് ഓടിക്കയറിവന്ന യുവാവിനെക്കണ്ട് പോലീസുകാര്‍ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നെ കാര്യം തിരക്കിയപ്പോള്‍ സംഗതിയുടെ ഗൗരവം മനസ്സിലായി.
തന്നെ പാമ്പ് കടിച്ചെന്നും രക്ഷിക്കണമെന്നും അലറിക്കരഞ്ഞായിരുന്നു യുവാവിന്റെ വരവ്. ഇത് കേട്ടമാത്രയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവര്‍ യുവാവിന് പ്രഥമശുശ്രൂഷ നല്കി. തുടര്‍ന്ന് പോലീസ് ജീപ്പില്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കരിമണ്ണൂര്‍ കോട്ടക്കവല കോട്ടയില്‍ ജിത്തു തങ്കച്ചന് (18) ആണ് സഹായം ചോദിച്ചു പോലീസ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, അക്ബര്‍, സിപിഒ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് പ്രഥമശുശ്രൂഷ നല്കി.
പട്രോളിംഗ് നടത്തുകയായിരുന്ന എഎസ്ഐ ഷാജു, സീനിയര്‍ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടന്‍ ജീപ്പുമായെത്തി ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
സ്വദേശമായ കരിമണ്ണൂരില്‍ നിന്ന് ബന്ധുക്കള്‍ താമസിക്കുന്ന പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ കയറിക്കൂടിയ പാമ്പാണ് ജിത്തുവിന്റെ കയ്യില്‍ കടിച്ചത്.
വഴിയിലും മറ്റും സഹായത്തിനായി ആരെയും കാണാതിരുന്നതിനാലാണ് പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുവന്നതെന്ന് യുവാവ് പറഞ്ഞു.
ടൈല്‍ പണിക്കാരനാണ് ജിത്തു. ഏതാനും ദിവസമായി ബൈക്ക് ഓടിക്കാതെ വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാകാം പാമ്പ് ബൈക്കില്‍ കയറിയതെന്നു സംശയിക്കുന്നതായി ജിത്തു പറഞ്ഞു.
പോലീസുകാര്‍ ആശുപത്രിയിലാക്കിയ സമയത്ത് യുവാവ് അവശനിലയിലായിരുന്നു. ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവിനെ ഞായറാഴ്ച വൈകിട്ട് മുറിയിലേക്കു മാറ്റി. ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.