26 വര്‍ഷങ്ങള്‍ക്കു മുമ്പ് ശേഖരിച്ചു വച്ച ബീജത്തില്‍ നിന്ന് പിറന്ന കുഞ്ഞ് വൈദ്യശാസ്ത്രത്തിന് അദ്ഭുതമാകുന്നു.
ബ്രിട്ടനിലെ കോള്‍ചെസ്റ്ററിലുള്ള പീറ്റര്‍ ഹിക്കിള്‍സ് എന്നയാളാണ് തന്റെ 21-ാം വയസില്‍ ശേഖരിച്ചു വച്ച ബീജത്തില്‍ നിന്നും 47-ാം വയസ്സില്‍ അച്ഛനായിരിക്കുന്നത്.
1996ലാണ് ഇയാള്‍ ബീജ സാമ്പിള്‍ ശേഖരിച്ചു വയ്ക്കുന്നത്. തങ്ങളെ തേടിയെത്തിയ ഈ വലിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് പീറ്റര്‍ ഹിക്കിള്സും പ്രതിശ്രുതവധു ഔറേലിജ അപെരബിസിയൂട്ടും.
എസെക്സിലെ കോള്‍ചെസ്റ്ററില്‍ നിന്നുള്ള പീറ്റര്‍ ഹിക്കിള്‍സ് തനിക്ക് ഹോഡ്ജ്കിസ് ലിംഫോമ എന്ന അപൂര്‍വമായ അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത് ഇരുപത്തിയൊന്നാം വയസ്സിലാണ്.
താന്‍ മാരകമായ രോഗത്തിന് അടിമയാണെന്ന് അറിഞ്ഞപ്പോള്‍ പീറ്റര്‍ തളര്‍ന്നു പോയെങ്കിലും തന്റെ ബീജ സാമ്പിള്‍ സംരക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
അന്ന് ആ തീരുമാനം കേട്ട് പലര്‍ക്കും അത്ഭുതം തോന്നിയെങ്കിലും താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം അതായിരുന്നു എന്നാണ് ഇപ്പോള്‍ പീറ്റര്‍ പറയുന്നത്.
കാരണം രോഗത്തില്‍ നിന്നും മോചിതനായ പീറ്റര്‍ തന്റെ ഈ രണ്ടാം ജന്മത്തില് അതേ ബീജം ഉപയോഗിച്ചുകൊണ്ട് അച്ഛനായിരിക്കുകയാണ്.
അദ്ദേഹത്തിന്റെ പ്രതിശ്രുതവധു ഔറേലിജയുടെ ഗര്‍ഭപാത്രത്തില്‍ ഈ ബീജം നിക്ഷേപിച്ചാണ് ഇരുവരും തങ്ങളുടെ പൊന്നോമനയ്ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്.
കാന്‍സര്‍ രോഗമുക്തിക്ക് വേണ്ടി നടത്തേണ്ട ചികിത്സ പീറ്ററില്‍ സ്ഥിരമായ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇരുപത്തിയൊന്നാം വയസ്സില്‍ നിര്‍ണായക തീരുമാനം പീറ്റര്‍ എടുത്തത്.
എന്നാല്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന ബീജം പത്തുവര്‍ഷം മാത്രമേ പ്രവര്ത്തനക്ഷമമായിരിക്കുകയുള്ളൂ എന്നാണ് അന്ന് പീറ്ററിനോട് ഡോക്ടര്‍മാര്‍ പറഞ്ഞത്.
രോഗമെല്ലാം മാറി പീറ്റര്‍ പുതിയ ജീവിതത്തിലേക്ക് കടന്നു വരാന്‍ 20 വര്‍ഷത്തിലേറെ എടുത്തു. എന്നാല്‍ പിന്നീട് അവിചാരിതമായി ഔറേലിജയെ കണ്ടുമുട്ടുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഒരു കുട്ടി വേണമെന്ന് തീരുമാനിച്ചതോടെ പീറ്ററിന്റെ ബീജ സാമ്പിള്‍ പ്രായോഗികമാണെന്ന് വിലയിരുത്തി ഐവിഎഫിലുടെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
കയ് എന്നാണ് കുഞ്ഞിന്റെ പേര്. ബീജ സാമ്പിള്‍ ഇപ്പോഴും പ്രവര്ത്തനക്ഷമമായിരുന്നതും കുഞ്ഞു പിറന്നതും വലിയ അത്ഭുതമായാണ് താന്‍ കാണുന്നതെന്ന് പീറ്റര്‍ പറയുന്നു. ഒക്ടോബര്‍ 20-നാണ് സിസേറിയനിലൂടെ ഔറേലിജ 3 കിലോ 90 ഗ്രാം ഭാരമുള്ള കയ്ക്ക് ജന്മം നല്‍കിയത്.
പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇപ്പോള്‍ ഒരു ബീജം 55 വര്‍ഷത്തോളം പ്രവര്‍ത്തനക്ഷമമായി സൂക്ഷിക്കാം.