നായ്ക്കളെ ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. ഇഷ്ടം മൂത്ത് മടിയിലും ബെഡിലുമൊക്കെ കയറ്റിയിരുത്തി ഓമനിക്കുകയും തങ്ങൾ കഴിക്കുന്നതെല്ലാം അവയ്ക്കു നൽകുകയും ചെയ്യും. എന്നാൽ മദ്യം കഴിക്കുന്നതിനിടെ ഒരു പെഗ് ഗ്ലാസിലൊഴിച്ചു പട്ടിക്കു നൽകിയാലോ? ഇഷ്ടംകൊണ്ടായാലും മൃഗസ്നേഹികൾ അതു സഹിച്ചെന്നു വരില്ല.
ഒരു പട്ടിക്കുട്ടി വിദേശമദ്യം കുടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത് വലിയ ചർച്ചയായിരിക്കുകയാണ്. രാജസ്ഥാനിലെ സവായ് മധേപുരില്നിന്നുള്ളതാണു ദൃശ്യം. ഒരു പ്ലാസ്റ്റിക് ഗ്ലാസില്‍ ഒഴിച്ചുവച്ച മദ്യം നായക്കുട്ടി കുടിക്കുന്നു. മദ്യപസംഘം തീ കൂട്ടിയിരുന്നു മദ്യപിക്കുന്നതിനിടെ പട്ടിക്കുട്ടിക്കും മദ്യം നല്‍കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മൃഗസ്നേഹികൾ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയിലെ മൃഗക്ഷേമ പ്രതിനിധിയായ പൂനം ബാഗ്രി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും നിയമപാലകർ, കേന്ദ്ര മൃഗസംരക്ഷണ മന്ത്രി എന്നിവരെ ടാഗ് ചെയ്തു നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ സവായ് മധേപുർ പോലീസ് ഇതേക്കുറിച്ച് അന്വേഷണവും തുടങ്ങി.
നായ്ക്കള്‍ മദ്യപിച്ചാല്‍ ബോധക്ഷയം, ഛർദ്ദി, ഹൈപ്പർസലൈവേഷൻ, വിറയൽ, അപസ്മാരം, സ്വയം നിയന്ത്രണം നഷ്ടപ്പെടൽ, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നിർജ്ജലീകരണം എന്നീ പ്രശ്നങ്ങളുണ്ടാകുമെന്നു മൃഗ വിഷനിയന്ത്രണ സേവനമായ പെറ്റ് പോയിസണ്‍ ഹെൽപ്പ് ലൈൻ പറയുന്നു. മദ്യം കഴിച്ചാൽ നായ്ക്കള്‍ അക്രമാസക്തരായി മനുഷ്യരെയടക്കം കടിക്കുകയും ചെയ്യും. എന്തായാലും തമാശയ്ക്കായാലും പട്ടികൾക്കു മദ്യം നൽകുന്നവർ കരുതിയിരിക്കുന്നത് നന്ന്.