ഒരു നിമിഷത്തിന്റെ ചിന്തകളിലായിരിക്കും ജീവിതത്തില്‍ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ കടന്നുവരുന്നത്. ചിലപ്പോഴൊക്കെ മറ്റു ചിലരിലൂടെയാവും നമ്മിലേക്ക് ഭാഗ്യം എത്തുക.
അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ പ്രെട്സണ് മാക്കിയ്ക്കും സംഭവിച്ചത് ഇതാണ്. ഭാര്യയുടെ വാക്കുകേട്ട് പലചരക്കു കടയില്‍ പോയതോടെയാണ് ഈ 46കാരന്റെ ഭാഗ്യം തെളിഞ്ഞത്.
190,736 ഡോളര്‍ അഥവാ ഒന്നരക്കോടിരൂപ (1,54,82,956) യുടെ ലോട്ടറിയാണ് പ്രെസ്റ്റണ് അടിച്ചത്.
ആ ജാക്പോട്ട് കഥയിങ്ങനെ…പതിവുപോലെ ഓഫീസ് ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രെസ്റ്റണെത്തേടി ഭാര്യയുടെ സന്ദേശം എത്തുന്നത്.
വരുന്ന വഴിയ്ക്ക് പലചരക്കുകടയില്‍ ഒന്നു കയറണമെന്നായിരുന്നു അതിന്റെ ര്തനച്ചുരുക്കം. തുടര്‍ന്ന്, വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സാധനങ്ങള്‍ വാങ്ങാനായി, പ്രെസ്റ്റണ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മയേറിന്റെ ഒരു കടയില്‍ കയറി.
അവിടെനിന്ന് എടുത്ത ടിക്കറ്റിലൂടെയാണ് പ്രെസ്റ്റണ് ജാക്ക് പോട്ട് അടിച്ചത്. സെപ്റ്റംബര്‍ 29നായിരുന്നു നറുക്കെടുപ്പ്.
ഭാര്യയുടെ സന്ദേശം വരാതിരുന്നെങ്കില്‍ താന്‍ ടിക്കറ്റ് എടുക്കില്ലായിരുന്നെന്ന് പ്രെസ്റ്റണ് മിഷിഗണ്‍ ലോട്ടറി അധികൃതരോടു പറഞ്ഞു.
സാധാരണയായി, സമ്മാനത്തുക 200,000 ഡോളറില്‍ കൂടുതല്‍ അല്ലെങ്കില്‍ താന്‍ ജാക്ക്പോട്ട് കളിക്കാറില്ല. എന്നാല്‍ അന്ന് എടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിറ്റേദിവസം അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് ജാക്പോട്ട് അടിച്ച വിവരം അറിയുന്നതെന്ന് പ്രെസ്റ്റണ് പറയുന്നു.
ലോട്ടറിയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് സ്കാന്‍ ചെയ്തുനോക്കിയപ്പോള്‍ താനാണ് വിജയിയെന്നു കണ്ടുവെന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രെസ്റ്റണ് പറയുന്നു.
സമ്മാനത്തുകയില്‍ ഒരു ഭാഗം നിക്ഷേപിക്കാനും മറ്റൊരു ഭാഗം കുടുംബവുമായി പങ്കുവെക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.