നിയമലംഘനം നടത്തുന്ന ആളുകള്‍ക്ക് പോലീസിന്റെ വക ശിക്ഷ ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കഥ മാറി. നിയമം അനുസരിക്കുന്നതിന് പോലീസിന്റെ വക സമ്മാനവുമുണ്ട്. അങ്ങനെയാണ് യുവാവിന് ആ ചുവന്ന റോസപ്പൂവ് ലഭിക്കുന്നത്. എന്നാല്‍ റോസപ്പൂവുമായി യുവാവ് വീട്ടിലെത്തിയപ്പോള്‍ കഥ ആകെ മാറി റോസാപ്പൂവ് നല്‍കിയത് പൊലീസാണെന്ന് എത്ര പറഞ്ഞിട്ടും ഭാര്യ വിശ്വസിച്ചില്ല. ഒടുവില്‍ കാര്യങ്ങള്‍ ഭാര്യയെ ബോധ്യപ്പെടുത്താന്‍ തെളിവു തേടിയിറങ്ങേണ്ടി വന്നു ആ യുവാവിന്.
സംഭവം ഇങ്ങനെ…റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ലഖ്‌നൗ പൊലീസ് സമ്മാനമായി റോസാപ്പൂവ് നല്‍കിയിരുന്നു. ഇക്കൂട്ടത്തിലൊന്ന് കിട്ടിയ യുവാവ് ആത്മനിര്‍വൃതിയോടെയാണ് വീട്ടിലെത്തിയത്. പക്ഷേ റോസപ്പൂവ് കണ്ട് ഭാര്യയ്ക്ക് സംശയം. ഇതോടെ അഭിനന്ദനം പ്രതീക്ഷിച്ച യുവാവ് പുലിവാല് പിടിച്ചു.
ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് യുവാവ് റോസപ്പൂവ് നല്‍കിയ പൊലീസുകാരനെ തേടി പുറപ്പെട്ടത്. പൊലീസുകാരനെ കണ്ടെത്തി വീട്ടിലെ അനുഭവം പറഞ്ഞു. കാര്യം മനസ്സിലാക്കിയ പൊലീസുകാരന്‍ യുവാവ് റോസാപ്പൂ സ്വീകരിക്കുന്ന ഫോട്ടോ തന്റെ ഫോണില്‍ നിന്നു കണ്ടെത്തി നല്‍കി. ആ ഫോട്ടോ കാണിച്ചാണ് യുവാവ് ഭാര്യയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. യുവാവിന് റോസാപ്പൂ നല്‍കിയ പ്രേം സഹി എന്ന പൊലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.