പത്തനംതിട്ട: ഒന്നിനു പകരം മൂന്ന് വോട്ടർ ഐഡികൾ ലഭിച്ച അമ്പരിപ്പിലാണ് പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബെഞ്ചമിൻ. ഒറ്റ തവണ വോട്ടർ ഐഡിക്ക് വേണ്ടി അപേക്ഷിച്ച ബെഞ്ചമിന്‍ ലഭിച്ചത് 3 വോർട്ടേർസ് ഐഡികളാണ്.
വോട്ടർ ഐഡിക്കായി ബെഞ്ചമിൻ ആറുമാസം മുമ്പാണ് അപേക്ഷ നൽകിയത്. തപാൽ വഴി ഒന്നരമാസം മുൻപ് ഐഡി കാർഡ് ലഭിച്ചു. എന്നാൽ ദിവസങ്ങൾക്ക് ശേഷം മറ്റൊരു ആവശ്യത്തിനായി ബെഞ്ചമിൻ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോഴാണ് അധികൃതർ രണ്ട് കാർഡുകൾ കൂടി ഇയാൾക്ക് കൈമാറിയത്.
ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് ഐഡി കാർഡിന്റെ നമ്പറുകൾ വ്യത്യസ്തമാണെന്ന് മനസിലായത്. എന്താണ് സംഭവിച്ചതെന്ന് അറിയാത്ത അവസ്ഥയിലാണ് ബെഞ്ചമിനും കുടുംബവും. അതേസമയം, ഇനിയും വോട്ടർ ഐഡികൾ വരുമോ എന്ന ആശങ്കയും ബെഞ്ചമിനുണ്ട്.
ഈ മൂന്ന് കാർഡിൽ ഏത് ഉപയോഗിച്ചാണ് താൻ വോട്ട് ചെയ്യേണ്ടതെന്നും ഇയാൾ ചോദിക്കുന്നു. സംഭവത്തിൽ മേലധികാരികൾക്ക് പരാതി നൽകാനാണ് ബെഞ്ചമിന്റെ തീരുമാനം.
ഒറ്റ തവണ മാത്രമേ വോട്ടർ ഐഡിക്കായി ബെഞ്ചമിൻ അപേക്ഷിച്ചിട്ടുള്ളൂ എന്നാൽ എങ്ങനെയാണ് മൂന്ന് കാർഡുകൾ ലഭിച്ചതെന്ന് ഇനി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് വിശദീകരിക്കേണ്ടത്.