തേങ്ങ പൊതിക്കുന്നതിനിടയില്‍ യുവാവിന്റെ കൈയന്ത്രത്തില് കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കൈ പുറത്തേയ്ക്ക് എടുത്ത് യുവാവിനെ രക്ഷിച്ചു.
മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) കൈയാണ് അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങിയത്.
അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്റ്റോറന്റിന് സമീപത്തെ കൃഷിയിടത്തില്‍ തേങ്ങ പൊതിക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.
സഹായിയോടൊപ്പം യന്ത്ര സഹായത്തോടെ തേങ്ങ പൊതിക്കുന്നതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തില്‍ അകപ്പെട്ടത്.
ഉടന്‍ തന്നെ സഹായി യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതു കൊണ്ട് വന്‍ അപകടം ഒഴിവായി. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ വലതു കൈയുടെ മുട്ടുവരെ യന്ത്രത്തില്‍ കുടുങ്ങിയിരുന്നു.
യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കല്‍ മാത്രമായിരുന്നു ഏക മാര്‍ഗം. ഇതിനായി മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്സിന്റെ സഹായം തേടി.
വേദന കൊണ്ട് പുളഞ്ഞ റൗഫിന് പ്രാഥമിക ശുശ്രൂഷ നല്‍കാനായി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെയും വിവേകാനന്ദ മിഷന് ആശുപത്രിയിലെയും മെഡിക്കല്‍ സംഘം സ്ഥലത്തെത്തി.
റൗഫിന്റെ കൈ മരപ്പിച്ച ശേഷമാണ് കൈ പുറത്തെടുത്തത്. ഏറെ നേരം പരിശ്രമിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ യന്ത്രം പൊളിച്ച് റൗഫിനെ രക്ഷപ്പെടുത്തി കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി.
വലതു കൈയുടെ വിരലുകള്‍ക്കും കൈപ്പത്തിയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ കോട്ടത്തറ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
ശസ്ത്രക്രിയക്ക് ശേഷം രോഗിയെ നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.