ലോകത്തിലെ വലിയ കുടുംബങ്ങളെക്കുറിച്ചുള്ള വാര്‍ത്ത എപ്പോഴും കൗതുകകരമാണ്. ആഫ്രിക്കയിലെ പടിഞ്ഞാറന്‍ കെനിയയിലുള്ള ഒരു ഗ്രാമത്തിലുള്ള ഡേവിഡ് സകായോ കലുഹാന എന്നയാള്‍ അത്തരത്തിലൊരു വലിയ കുടുംബത്തിന്റെ നാഥനാണ്.
15 ഭാര്യമാരും 107 മക്കളും അടങ്ങുന്നതാണ് 61 കാരനായ ഡേവിഡിന്റെ കുടുംബം. ഡേവിഡും അദ്ദേഹത്തിന്റെ പതിനഞ്ച് ഭാര്യമാരും നൂറ്റി ഏഴ് മക്കളും ഒന്നിച്ചാണ് കഴിയുന്നത് എന്നതാണ് പ്രത്യേകത.
തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഡേവിഡിന്റെ ഭാര്യമാര്‍ പറയുന്നു. ആഫ്രിമാക്സ് ഇംഗ്ലീഷ് എന്ന യൂട്യൂബ് ചാനലിലാണ് ഡേവിഡിനേയും കുടുംബത്തേയും പരിചയപ്പെടുത്തുന്നത്.
ഉയര്‍ന്ന ഐക്യു ഉള്ളയാളാണ് താനെന്നും അതിനാല്‍ ഒരു ഭാര്യയ്ക്ക് മാത്രം തന്നെ നോക്കാന്‍ ആവില്ലെന്നുമാണ് 15 പേരെ വിവാഹം ചെയ്തതിനെ കുറിച്ച് ഡേവിഡ് പറയുന്നത്.
ചരിത്രകാരനാണ് ഡേവിഡ് എന്ന് വീഡിയോയില്‍ പറയുന്നുണ്ട്. 4000 ല്‍ അധികം പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ടെന്നും ഡേവിഡ് വീഡിയോയില്‍ അവകാശപ്പെടുന്നു.
തന്റെ ഭാര്യമാര്‍ പരസ്പരം കടമകള്‍ പങ്കിടുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല, ഭാര്യമാര്‍ തന്നെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ജസീക്ക കലുഹാന എന്ന സ്ത്രീയെയാണ് ഡേവിഡ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ മാത്രം 13 മക്കളുണ്ട്.
ഭര്‍ത്താവ് പുതിയ സ്ത്രീകളെ വിവാഹം ചെയ്ത് കൊണ്ടുവരുമ്പോള്‍ തനിക്ക് ഒരിക്കലും ദേഷ്യമോ അസൂയയോ തോന്നിയിട്ടില്ലെന്നാണ് ജെസീക്ക പറയുന്നത്.
ഉത്തരവാദിത്ത ബോധമുള്ള മനുഷ്യനാണ് അദ്ദേഹം. നന്നായി ആലോചിച്ചാണ് അദ്ദേഹം ഓരോ തീരുമാനവും എടുക്കുന്നത്.
ശരിയായത് മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂവെന്ന് ഡേവിന്റെ ഏഴാമത്തെ ഭാര്യയായ റോസ് കലുഹാന പറയുന്നു. തങ്ങളെല്ലാം സന്തോഷത്തോടെയാണ് ജീവിക്കുന്നതും ഇവര്‍ പറഞ്ഞു.
പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരില് രണ്ടാമനായ ദാവീദിന്റെ പുത്രനും ഭരണാധികാരിയുമായിരുന്നു സോളമന് രാജാവാണ് തന്റെ മാതൃകയെന്നാണ് ഡേവിഡ് പറയുന്നത്.
കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കാനുള്ള പ്രചോദനവും സോളമന് രാജാവാണത്രേ. സോളമന് ആയിരം ഭാര്യമാരുണ്ടെന്നാണ് കരുതപ്പെടുന്നത്.
സോളമന് രാജാവിനെ പോലെ തന്നെയാണ് താന്‍ സ്വയം കരുതുന്നതെന്നും ഡേവിഡ് പറയുന്നു. അതിനാലാണ് വീണ്ടും വിവാഹം കഴിച്ചുകൊണ്ടിരിക്കുന്നത്.
ഡേവിഡിന്റേയും കുടുംബത്തിന്റേയും വീഡിയോ ഇതിനകം യൂട്യൂബില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.