ചെരുപ്പ് തുന്നി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആളാണ് ബംഗുളൂരുവിൽ നിന്നുള്ള രാമയ്യ. തന്റെ സ്നേഹവും നന്മയും നിറഞ്ഞ നല്ല മനസിന്റെ പേരിൽ ഇപ്പോൾ സമൂഹ മാധ്യമത്തിൽ നിറഞ്ഞു നിൽക്കുയാണ് അദ്ദേഹം.
തന്റെ കുഞ്ഞ് കടയിൽ തെരുവുനായകൾക്കും ഒരു പൂച്ചക്കുഞ്ഞിനും അദ്ദേഹം അഭയം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് രാമയ്യയുടെ ഈ നല്ല പ്രവൃത്തിയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്.
Leia the Golden Indie എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിലെ ഡെക്കാത്ലോണിന് പുറത്ത് ചെരുപ്പ് തുന്നുന്ന ഈ മനുഷ്യന് ഒരു ചെറിയ കടയുണ്ട്” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്.
“നിങ്ങൾ എപ്പോഴെങ്കിലും അതുവഴി കടന്നുപോവുകയാണെങ്കിൽ യഥാർഥ സ്നേഹവും ദയയും ദാനശീലവും എങ്ങനെയായിരിക്കുമെന്ന് കാണാൻ നിങ്ങൾ ഒരു നിമിഷം എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഷൂ നന്നാക്കുന്ന ജോലി ചെയ്യുന്ന ആ ചെറിയ സ്ഥലത്ത്, കുറഞ്ഞത് 3 നായ്ക്കൾ സുഖമായി ഉറങ്ങുന്നതും ഒരു ചെറിയ പൂച്ചക്കുട്ടി കളിക്കുന്നതും നിങ്ങൾക്ക് കാണാം” എന്നും പോസ്റ്റിൽ പറയുന്നുണ്ട്. നായകളെയും പൂച്ചകളെയും പരിചരിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്, പരിക്കേറ്റവയെ ആശുപത്രിയിലും എത്തിക്കുകയും ചെയ്യും.
വീഡിയോ വൈറലാതിന് പിന്നാലെ ഒരുപാട് പേരാണ് അദ്ദേഹത്തെ സഹായിക്കാനെത്തിയത്. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന് പണം നൽകി സഹായിച്ചവരുടെ പേരടങ്ങിയ കാർഡും കാശും അദ്ദേഹത്തിന് കൈമാറി.
പണത്തിൽ പകുതി രാമയ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ആ തുക അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് ചിലവഴിക്കാമെന്ന് വീഡിയോ പങ്കുവച്ചയാൾ പറഞ്ഞു. പകുതി തുക ആ ഭാഗത്തെ തെരുവുനായകൾക്ക് ഭക്ഷണം നൽകാനുള്ളതാണ്. നാല് മാസം മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന് ഒരു മകളും ഉണ്ട്.