വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് വാര്‍ത്താപ്രാധാന്യം നേടുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ചൈനയിലുള്ള42 -കാരനായ ഷാങ് എന്‍ഷുന്‍.
150 കിലോ ഭാരമുളള ഇരുമ്പുകട്ടകള്‍ കാലില്‍ ഘടിപ്പിച്ചാണ് ഇയാള്‍ ഇപ്പോള്‍ നടക്കുന്നത്. ചൈനയിലെ ഗ്വാങ്സി പ്രവിശ്യയിലെ യൂലിന്‍ സിറ്റിയില്‍ നിന്നുള്ള അദ്ദേഹം കഴിഞ്ഞ അഞ്ച് മാസമായി ”ഇരുമ്പ് ഷൂസ്” പരിശീലനം നടത്തുകയാണ്.
ആളുകള്‍ കാലില്‍ ഭാരം വഹിച്ചുകൊണ്ട് നടക്കുന്ന വാര്‍ത്തകള്‍ കണ്ടതിനുശേഷം, അതൊന്ന് സ്വയം പരീക്ഷിക്കാം എന്നോര്‍ത്താണ് അദ്ദേഹം ഇത് ആരംഭിച്ചത്. ആദ്യം 18.75 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് കട്ടയാണ് കാലില്‍ ഘടിപ്പിച്ചത്.
എന്നാല്‍, ഇന്ന് ഓരോ കാലിലും നാല് ഹെവി പ്ലേറ്റുകളുമായിട്ടാണ് അദ്ദേഹം ചുറ്റിക്കറങ്ങുന്നത്. 150 കിലോഗ്രാമാണ് അതിന്റെയെല്ലാം ആകെ ഭാരം.
‘ഈ ഷൂസിന്റെ ഭാരം എന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലധികമാണ്, പക്ഷേ 20 മിനിറ്റിനുള്ളില്‍ എനിക്ക് ഈ ഷൂസുകള്‍ ഉപയോഗിച്ച് 50 മീറ്ററിലധികം ദൂരം നടക്കാന്‍ കഴിയും” എന്‍ഷുന്‍ പറഞ്ഞു. എല്ലാ ദിവസവും അദ്ദേഹം 200 മുതല്‍ 300 മീറ്റര്‍ വരെ ഈ ഇരുമ്പ് ഷൂസ് ധരിച്ച് നടക്കുന്നു.
കട്ടിയുള്ള ബെല്‍റ്റുകള്‍ ഉപയോഗിച്ച് ഇരുമ്പ് കട്ടകളെ കാലില്‍ ഉറപ്പിച്ചതിന് ശേഷമാണ് ഷാങ് പരിശീലനം ആരംഭിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ വലിയ പുരോഗതിയാണ് കൈവരിച്ചതെന്ന് അദ്ദേഹം അടുത്തിടെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.
ഓരോ കാലിലും ഭാരം നാലിരട്ടിയാണെങ്കിലും, നിലത്തുനിന്ന് രണ്ട് സെന്റിമീറ്റര്‍ ദൂരത്തില്‍ കാല് ഉയര്‍ത്താനും, ഓരോ ഘട്ടത്തിലും 20 സെന്റീമീറ്റര്‍ വരെ നടക്കാനും അദ്ദേഹത്തിന് ഇപ്പോള്‍ കഴിയും.
എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇങ്ങനെ നടക്കുന്നത് എന്ന് പലരും അദ്ദേഹത്തോട് ചോദിക്കാറുണ്ട്. എന്നാല്‍, ഈ ഷൂ വ്യായാമം തന്റെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും സന്ധികളെ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് 42 -കാരന് അവകാശപ്പെടുന്നു.
എന്നിരുന്നാലും, ചൈനയില്‍ കുറച്ചുകാലമായി കണ്ടുവരുന്ന ഈ വ്യായാമത്തിന് അപകടസാധ്യതകളുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
എല്ലാവരുടെയും അസ്ഥികള്‍ വ്യത്യസ്തമാണെന്നും ഒരു വ്യക്തിയുടെ അസ്ഥികള്‍ക്കും സന്ധികള്‍ക്കും നേരിടാന്‍ കഴിയുന്ന സമ്മര്‍ദ്ദം പരിമിതമാണെന്നും അതിനാല്‍ ഇരുമ്പ് ഷൂസിന്റെ ഭാരം വളരെയധികം വര്‍ദ്ധിപ്പിക്കുന്നത് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകുമെന്നും Yulin Integrated Traditional Chinese and Western Orthopedic Hospital -ലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ലിയാങ് സൗ മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ശ്രദ്ധയോടെ വേണം ഈ വ്യായാമം ചെയ്യാനെന്നും ഡോ. ലിയാങ് ഉപദേശിച്ചു. ഇങ്ങനെ ഇന്റര്‍നെറ്റില്‍ പ്രശസ്തനാകാനായി ഇരുമ്പ് ഷൂസില്‍ പരിശീലനം നടത്തുന്ന ആദ്യ വ്യക്തിയല്ല എന്‍ഷുന്‍. 2012 -ല്‍ വു കോംഗ് എന്ന വ്യക്തി 400 കിലോഗ്രാം ഭാരമുള്ള ഒരു ജോഡി ഇരുമ്പ് ഷൂസില്‍ നടന്ന് ദേശീയ റെക്കോര്‍ഡ് സ്ഥാപിക്കുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം അയണ്‍ ഷൂ കിംഗ് എന്ന് സ്വയം വിളിക്കുന്ന ഒരാള്‍ കാലുകളില്‍ 140 കിലോഗ്രാം ഭാരം ഘടിപ്പിച്ച് നടന്ന് ലോക ശ്രദ്ധ നേടിയിരുന്നു. എന്തായാലും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നേ ഈ ശീലത്തെക്കുറിച്ച് പറയാനുള്ളൂ…