മറയൂർ: കാന്തല്ലൂർ കോവിൽക്കടവിൽനിന്നും കുപ്പിവെള്ളം വാങ്ങി കുടിച്ച മൂന്നു യുവാക്കളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർഥമല ആദിവാസി കോളനിയിലെ രാജൻ (27), കുമാർ (31), പാണ്ഡ്യരാജ്(34) എന്നിവരാണ് കുപ്പിവെള്ളം കുടിച്ചതിനെതുടർന്ന് മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയത്.
തീർഥമല ആദിവാസി കോളനിയിലെ മൂന്നു യുവാക്കൾ കോവിൽക്കടവിലെ ബിവറേജ് കോർപറേഷന്റെ മദ്യശാലക്കു സമീപത്തുള്ള പെട്ടിക്കടയിൽനിന്നാണ് കുപ്പിവെള്ളം വാങ്ങി കുടിച്ചത്. വെള്ളം കുടിച്ച ഉടനെ അമിതമായ ഛർദിയും അവശത അനുഭവപ്പെടുകയും ചെയ്തതിനെതുടർന്ന് യുവാക്കൾ മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടുകയായിരുന്നു.
എറണാകൂളം ജില്ലയിലെ ഒരു ഡ്രിങ്കിംഗ് വാട്ടർ കന്പനിയുടെ കുപ്പിവെള്ളമാണ് യുവക്കൾ വാങ്ങി കുടിച്ചതെന്നു പറയുന്നു. പരാതിയെതുടർന്ന് പോലീസും ഹെൽത്ത് ഇൻസ്പെക്ടറുമെത്തി വെള്ളകുപ്പികൾ കസ്റ്റഡിയിലെടുത്തു. ആരോഗ്യ വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു.