ചൂതാട്ടവും മദ്യപാനവും സൃഷ്ടിച്ച കടബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും അഞ്ചു മക്കളെയും വില്ക്കാന് ഓട്ടോഡ്രൈവറായ 38കാരന്റെ ശ്രമം; പതിനഞ്ചു ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാനാണ് ഇയാള്‍ ഭാര്യയെയും മക്കളെയും വില്‍ക്കാനൊരുങ്ങിയത്. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞമാസമാണ് ലക്ഷങ്ങള്‍ക്ക് ഭാര്യയെയും നാല് പെണ്മക്കളെയും ഒരു മകനെയും വില്ക്കാന് ഇയാള്‍ ചില സംഘങ്ങളുമായി രഹസ്യധാരണയിലെത്തിയത്. 12 വയസുള്ള മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്ക്കാന് ഇയാള്‍ ധാരണയിലെത്തിയിരുന്നു. ഭാര്യയെ 5 ലക്ഷം രൂപയ്ക്ക് ബന്ധുവിന് തന്നെ കൈമാറാനായിരുന്നു ഇയാളുടെ ശ്രമം.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി, ഭര്‍ത്താവ് തന്നെയും മക്കളെയും വില്ക്കാന് രഹസ്യധാരണയിലെത്തിയ വിവരം അറിയുന്നത്.തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി മക്കളയും കൂട്ടി സ്വന്തം വീട്ടില്‍ അഭയം തേടി. പിന്നീട് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മദ്യത്തിന് അടിമയായ ഭര്‍ത്താവ്, തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക് ബന്ധുവിന് കച്ചവടം ഉറപ്പിച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. എന്റെ അഞ്ച് മക്കളയും അയാള്‍ വില്ക്കാന് ശ്രമം തുടരുകയാണെന്നും യുവതിയുടെ പരാതിയിലുണ്ട്.
12 വയസുകാരിയായ തന്റെ മകളെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ശിശുക്ഷേമ സമിതി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്റെ മകളുടെ കാര്യത്തില്‍ തന്റെ ഇഷ്ടം നടപ്പിലാക്കുമെന്നായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് യുവതിയുടെ മക്കളെ രക്ഷാഭവനിലേക്ക് മാറ്റി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.