വിദേശവനിതയെ പൊതുനിരത്തില്‍ വെച്ച് കടന്നു പിടിച്ച കേസിലെ പ്രതി പിടിയില്‍. രാജസ്ഥാനിലെ ബാരന് സ്വദേശിയായ കുല്‍ദീപ് സിങ് സിസോദിയ(40)യെയാണ് ബിക്കാനേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബിക്കാനേറിലെ നോഖാ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ ജയ്പൂര്‍ പോലീസിന് കൈമാറുമെന്നും ബിക്കാനേര്‍ എസ്.പി. തേജസ്വിനി ഗൗതം അറിയിച്ചു.
കഴിഞ്ഞദിവസം ജയ്പുരില്വെച്ചാണ് വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.
നടന്നുപോവുകയായിരുന്ന യുവതിയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ഒപ്പം നടന്ന് ശല്യപ്പെടുത്തുകയുമായിരുന്നു.
യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവരും അതിക്രമത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നുമായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം.
സിന്ധി ക്യാമ്പിന് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍വെച്ചാണ് യുവതിക്ക് നേരേ അതിക്രമം നേരിട്ടതെന്നാണ് പോലീസ് പറയുന്നത്.
ഹോട്ടല്‍ രേഖകള്‍ പരിശോധിച്ച് യുവതിയുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും യുവതിയെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
വീഡിയോ വൈറലായതോടെ കുല്‍ദീപ് സിംഗ് മീശയെല്ലാം ഒഴിവാക്കി വേഷംമാറിയാണ് നടന്നിരുന്നത്. എന്നാല്‍ സ്ഥിരമായി ധരിച്ചിരുന്ന തൊപ്പി ഇയാള്‍ ഒഴിവാക്കിയിരുന്നില്ല.
ഇതാണ് ഇയാളെ ചതിച്ചത്. തുടര്‍ന്ന് ബിക്കാനേറിലെത്തിയപ്പോള് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.