ചെന്നൈ: മകളെ പ്രണയിച്ച യുവാവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് അച്ഛൻ വകവരുത്തി കനാലിൽ തള്ളി. സംഭവത്തിൽ അച്ഛനും മകനും മകളുമടക്കം എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവിക, മകൻ ദുരൈമുരുകൻ എന്നിവരെയും അഞ്ചു വാടക കൊലയാളികളെയുമാണ് അറസ്റ്റ് ചെയ്തത്.
ശക്തിവേലും ദേവികയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായക്കാരായിരുന്നെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു പ്രണയത്തെ എതിർക്കുകയും ശക്തിവേലിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു.
ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്കു വിളിച്ചുവരുത്തിയാണ് വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.
ശക്തിവേലിന്റെ മൃതദേഹവും ഇയാൾ വന്ന വാഹനവും പ്രതികൾ സമീപത്തെ കനാലിൽ തള്ളി. മകൾ ദേവികയും മകൻ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും പോലീസ് പറഞ്ഞു.